കൊച്ചിയിൽ വിമാന സർവീസുകൾ നിരന്തരം വൈകുന്ന സാഹചര്യത്തിൽ സ്പൈസ്ജെറ്റിന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ ഔദ്യോഗിക നോട്ടിസ് നൽകി. കൃത്യമായ സമയത്ത് സർവീസുകൾ നടത്തിയില്ലെങ്കിൽ അനുവദിച്ചിരിക്കുന്ന സ്ലോട്ടുകൾ റദ്ദാക്കുമെന്നാണ് നോട്ടിസിലെ പ്രധാന മുന്നറിയിപ്പ്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ ഈ വിമാനക്കമ്പനിയുടെ സർവീസുകൾ കനത്ത രീതിയിൽ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ, വിവിധ സേവനങ്ങൾക്കായി സിയാലിന് നൽകാനായി കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയും കമ്പനിക്ക് വരുത്താനുണ്ട്.
ഏതാനും ദിവസങ്ങളായി മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കുന്നത് പതിവാകുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് കൊച്ചിയിൽനിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി.
ഇതേതുടർന്ന് രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടത്. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് വ്യക്തമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെ റദ്ദാക്കിയത്.
തുടക്കത്തിൽ ഈ സർവീസ് രാത്രി 9.40 മണിയിലേക്ക് മാറ്റി ക്രമീകരിച്ചിരുന്നുവെങ്കിലും പിന്നീട് വൈകീട്ടോടെ റദ്ദാക്കിയതായി അറിയിപ്പ് നൽകുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിമാനക്കമ്പനിയോ വിമാനത്താവള അധികൃതരോ കൃത്യമായ ഔദ്യോഗിക വിശദീകരണം ഇതുവരെ നൽകിയിട്ടില്ല.
മുമ്പ് സർവീസുകൾ മുടങ്ങുന്നതിന് സ്പൈസ്ജെറ്റ് അധികൃതർ നിരത്തിയ കാരണങ്ങൾ സിയാൽ തള്ളിക്കളഞ്ഞിരുന്നു. മോശം കാലാവസ്ഥയാണ് മുൻ ദിവസങ്ങളിൽ യാത്രാ തടസ്സത്തിന് കാരണമെന്നായിരുന്നു കമ്പനിയുടെ വാദം.
എന്നാൽ മറ്റ് വിമാനങ്ങളെല്ലാം തടസ്സമില്ലാതെ സർവീസ് നടത്തിയെന്ന് സിയാൽ ചൂണ്ടിക്കാണിച്ചതോടെ സ്പൈസ്ജെറ്റിന്റെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. യാത്രക്കാരുടെ ഭാഗത്തുനിന്ന് നിരന്തരമായി പരാതികൾ ഉയർന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി തയാറായിട്ടില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളായെന്നും സിയാൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സ്പൈസ്ജെറ്റ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് സിയാൽ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

