സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ജിഡിആര്‍എഫ്എ ദുബൈ ഉദ്യോഗസ്ഥ സംഘം പ്രമുഖ ആഗോള സ്ഥാപനമായ SAS-ല്‍ സന്ദര്‍ശനം നടത്തി. ഡാറ്റ അനലിറ്റിക്സ് രംഗത്തെ ആഗോള ഭീമനായ ഈ സ്ഥാപനവുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ണായക സന്ദര്‍ശനം സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ മേഖലയില്‍ ഏജന്റിക് എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രായോഗികമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. നിശ്ചയിക്കപ്പെട്ട
ലക്ഷ്യങ്ങള്‍ മനസ്സിലാക്കി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്വയം ആസൂത്രണം ചെയ്യാനും, വിവിധ സംവിധാനങ്ങളുമായും ഡാറ്റയുമായും ഇടപെട്ട് ഒന്നിലധികം ഘട്ടങ്ങളുള്ള ചുമതലകള്‍ തനിയെ നിര്‍വഹിക്കാനും സാധിക്കുന്ന നൂതന എഐ സംവിധാനമാണ് ഏജന്റിക് എഐ. സങ്കീര്‍ണമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ ലളിതമാക്കാനും, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും, വേഗത്തിലും കൃത്യതയിലും തീരുമാനമെടുക്കാനും ഈ സാങ്കേതികവിദ്യ സഹായകരമാകും.
സന്ദര്‍ശനവേളയില്‍ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സഞ്ചാരം തത്സമയം വിശകലനം ചെയ്യുന്ന സംവിധാനങ്ങള്‍, കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന എഐ ഡ്രോണുകള്‍, ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യ, ഇന്റലിജന്റ് നോളജ് ബേസുകള്‍, നൂതന നിരീക്ഷണ-വിശകലന സംവിധാനങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥ സംഘം പരിചയപ്പെട്ടു. അതിര്‍ത്തി നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനും ഈ ആധുനിക സംവിധാനങ്ങള്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നും സംഘം വിലയിരുത്തി.
ഈ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍, തിരഞ്ഞെടുത്ത മേഖലകളില്‍ പ്രത്യേക ‘പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ്’ പദ്ധതികള്‍ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ജിഡിആര്‍എഫ്എ ദുബൈയുടെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ശില്പശാലകള് സംഘടിപ്പിക്കും.
ഇതിലൂടെ പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിയാനും അതിന് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങള്‍ വിലയിരുത്താനും സാധിക്കും. ഈ പദ്ധതികളുടെയെല്ലാം പ്രകടന ഫലങ്ങള്‍ പ്രമുഖ ആഗോള വിവരസാങ്കേതിക മേളയായ GITEX GLOBAL 2026-ല്‍ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

