കടുത്ത അമേരിക്കൻ ഉപരോധവും അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നിലനിൽക്കുന്നതിനിടയിൽ നിർണായകമായ പ്രകൃതിവാതക ശേഖരം കണ്ടെത്തി ഇറാൻ. ഏകദേശം 10500 കോടി ഡോളർ മൂല്യം വരുന്ന പുതിയ പ്രകൃതിവാതക നിക്ഷേപമാണ് രാജ്യത്ത് കണ്ടെത്തിയിട്ടുള്ളത്.
കണ്ടെത്തിയിരിക്കുന്നത് ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള പ്രകൃതിവാതകമാണെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് ഔദ്യോഗികമായി വ്യക്തമാക്കി. പുതിയതായി കണ്ടെത്തിയ നിഖേഷപത്തിൽ മൊത്തം 7.5 ട്രില്യൺ ക്യുബിക് അടി പ്രകൃതിവാതകമുണ്ടെന്നാണ് പ്രാഥമിക കണക്കാക്കലുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തിന്റെ ഊർജ്ജ മേഖലയ്ക്ക് വലിയ കരുത്തുപകരുന്നതാണ് ഈ പുതിയ കണ്ടെത്തൽ. ഇതുസംബന്ധിച്ച് പെട്രോളിയം മന്ത്രി നൽകിയ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
* ഇറാന്റെയും ലോകത്തെയും ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ നിന്നുള്ള പതിനഞ്ച് വർഷത്തെ ഉൽപാദനത്തിന് തുല്യമാണ് ഈ പുതിയ ശേഖരം.
* ഇതിൽ നിന്നും ഏകദേശം 5.7 ട്രില്യൺ ക്യൂബിക് അടി വാതകം വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
* കണ്ടെത്തിയ വാതകം ഉയർന്ന നിലവാരമുള്ള ‘സ്വീറ്റ് ഗ്യാസ്’ വിഭാഗത്തിൽപ്പെട്ടതാണ്.
* ഹൈഡ്രജൻ സൾഫൈഡ് പോലുള്ള മാലിന്യങ്ങൾ വളരെ കുറവായതിനാൽ ഇവ സംസ്കരിക്കാനും ഉൽപ്പാദിപ്പിക്കാനുമുള്ള പ്രവർത്തനച്ചെലവ് വളരെ കുറവായിരിക്കുമെന്നത് മറ്റൊരു നേട്ടമാണ്.
* ഇതിനുപുറമേ, ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഗ്യാസ് കോൺഡൻസേറ്റുകളും ഈ മേഖലയിലുള്ളതായി അധികൃതർ അറിയിച്ചു.
അമേരിക്കയും ഇസ്രായേലുമായുള്ള തുടർച്ചയായ സംഘർഷങ്ങളെ തുടർന്ന് രാജ്യത്തെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് പ്രതിദിനം 230 മില്യൺ ക്യൂബിക് മീറ്ററോളം വാതക ഉൽപ്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു.
തകരാറിലായ എണ്ണ-വാതക ഉത്പാദനം പൂർവസ്ഥിതിയിലാക്കാൻ രാജ്യം ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഈ ആശ്വാസകരമായ പുതിയ കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

