കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ബാറ്റിംഗ് തുടരാന്‍ ഫിറ്റായിരിക്കുമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക് വ്യക്തമാക്കി. ആദ്യ ദിനത്തിലെ മത്സരത്തിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി താരം മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു.
58-ാം ഓവറില്‍ ശ്രീലങ്കന്‍ പേസര്‍ ലാഹിരു കുമാരയുടെ ഷോര്‍ട്ട് ഡെലിവറി പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്തിന്റെ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. പന്ത് ഗ്ലൗവില്‍ തടഞ്ഞതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച താരത്തെ, ഫിസിയോയെത്തി ഐസ് പാക്ക് വെച്ച് പരിശോധിച്ച ശേഷമാണ് കളം മാറ്റിയത്.
എന്നാല്‍ ആശങ്കകള്‍ അകറ്റി പന്ത് ക്രീസിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇത് ഇന്ത്യന്‍ ടീമിനും ലോവര്‍ ഓര്‍ഡറിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.
ധ്രുവ് ജുറലും സരന്‍ഷ് ജെയിനും സ്കോര്‍ ഉയര്‍ത്തിയ ശേഷം പന്ത് ക്രീസിലെത്തിയാല്‍ അത് ഇന്ത്യക്ക് വലിയൊരു ആനുകൂല്യമാകും. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയിലാണ്.
പരമ്പരയിലെ തന്റെ രണ്ടാം സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കല്‍ (193 പന്തില്‍ 117) ആണ് ആദ്യ ദിനത്തിലെ ബാറ്റിംഗ് പ്രകടനത്തിലൂടെ തിളങ്ങിയത്. തുടക്കത്തില്‍ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും പെട്ടെന്ന് പുറത്തായെങ്കിലും, പടിക്കലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 120 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് കെട്ടിപ്പടുത്തു.
അര്‍ദ്ധശതകം തികച്ചതിന് പിന്നാലെ ശുഭ്മാന്‍ ഗില്‍ പുറത്തായെങ്കിലും പടിക്കല്‍ ബാറ്റിംഗ് തുടരുകയായിരുന്നു. അവസാന സെഷനില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി.
പുതിയ പന്ത് എടുക്കുന്നതിന് തൊട്ടുമുമ്പ് പടിക്കലും, ദിവസത്തെ അവസാന ഓവറില്‍ രവീന്ദ്ര ജഡേജയും (43) പുറത്താവുകയായിരുന്നു. രണ്ടാം ദിനം വേഗത്തില്‍ റണ്‍സ് നേടി വലിയൊരു ആദ്യ ഇന്നിങ്സ് സ്കോര്‍ പടുത്തുയര്‍ത്താനാകും ഇന്ത്യയുടെ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

