ഉത്രാടത്തിന്റെയും തിരുവോണത്തിന്റെയും വരവറിയിച്ച് പേരാമ്പ്ര മേഖലയിൽ ഓണപ്പൊട്ടന്മാർ സജീവമായി. ഓണക്കാലത്ത് നാടുകാണാൻ എത്തുന്ന മഹാബലിയാണ് ഓണേശ്വരൻ എന്നാണ് വിശ്വാസം.
പയ്യോർമല, കടത്തനാടൻ പ്രദേശങ്ങളിൽ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണേശ്വരൻ എത്താറുള്ളത്. ഉത്രാടം നാളിൽ രാവിലെ തന്നെ നാട്ടിലെങ്ങും കൈമണികളുടെ കിലുക്കം കേട്ടുതുടങ്ങും.
ഓണപ്പൊട്ടന്റെ വരവിനായി കാത്തിരിക്കുന്ന നാട്ടുകാർ വിളക്കും നിറനാഴിയും വെച്ച് സ്വീകരിക്കുമ്പോൾ വീടുകളിൽ എത്തുന്ന ഓണപ്പൊട്ടൻ അരിയും പൂവും ചാർത്തി അനുഗ്രഹം നൽകി ദക്ഷിണയും വാങ്ങി മടങ്ങുന്നു. ചങ്ങരോത്ത് പഞ്ചായത്തിൽ പാരമ്പര്യമായി ഓണപ്പൊട്ടൻ കെട്ടുന്നത് ആവടുക്കയിലുള്ള മലയ സമുദായത്തിലെ തച്ചമ്പാറ കുടുംബമാണ്.
ഇവർ ഇപ്പോൾ താമസിക്കുന്നത് ആവടുക്കയിലെ തച്ചംപാറ ലക്ഷം വീടു കോളനിയിലാണ്. പേരാമ്പ്ര നൊച്ചാട് ഭാഗങ്ങളിൽ നിന്നും 50 വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇവിടെ എത്തി താമസമാക്കിയത്.
അന്നു മുതൽ ഇവർ തന്നെയാണ് ഓണേശ്വരൻ കെട്ടി നാട്ടിലെങ്ങും എത്തുന്നതും. അന്ന് കുടുംബനാഥൻ ചാത്തുപണിക്കരായിരുന്നു ഓണേശ്വരൻ കെട്ടിയിരുന്നത്.
എന്നാൽ കഴിഞ്ഞ 10 വർഷമായി 80 കഴിഞ്ഞ പണിക്കർ കാൽമുട്ട് വേദന കാരണം ഓണേശ്വരൻ കെട്ടാറില്ലെങ്കിലും മക്കൾക്കും കൊച്ചുമക്കൾക്കും ചമയങ്ങൾ ഒരുക്കുകയും നിർദേശം നൽകുകയുമാണ് ചെയ്യുന്നത്. പണിക്കരുടെ രണ്ട് മക്കളും ആറാം വയസ്സ് മുതൽ ഓണേശ്വരൻ കെട്ടാൻ തുടങ്ങിയിട്ടുണ്ട്.
മൂത്തമകൻ അനീശും ഇളയ മകൻ അഭിലാഷും 40 വർഷത്തോളമായി ഓണേശ്വരൻ കെട്ടുന്നു. അനീഷിന്റെ മകൻ അനുവിന്ദ് കഴിഞ്ഞ 5 വർഷമായി ഓണേശ്വരൻ കെട്ടി അച്ചനോടൊപ്പമുണ്ട്.
എന്നാൽ അഭിലാഷിന്റെ മകൻ 8 വയസ്സുകാരനായ ധ്യാൻ കൃഷ്ണ ഇത്തവണയാണ് കളത്തിലിറങ്ങുന്നത്. അത്തം മുതലുള്ള വ്രതശുദ്ധിയോടെയാണ് ഒരുക്കങ്ങൾ തുടങ്ങുന്നത്.
ഓരോ വർഷവും ചമയങ്ങൾ എല്ലാം പുതുതായി ഉണ്ടാക്കുന്നതാണ് പതിവ്. ചിലതൊക്കെ പഴയതും ഉപയോഗിക്കും.
മുരിക്കിൻ തടികൊണ്ട് ഉണ്ടാക്കിയ കിരീടം, അതിനു മാറ്റുകൂട്ടാൻ വെള്ളിയുടെ തലപ്പൊളി, കിരീടത്തിന്റെ മുകളിൽ ഒറോപ്പ കൈത ചീന്തിയെടുത്ത നാരുകൊണ്ട് ഉണ്ടാക്കുന്ന കുടംബി, വാഴപ്പോള ചീന്തി നാരുകളാക്കി പച്ച മഞ്ഞൾ വെള്ളത്തിൽ മുക്കി എടുത്ത് ഉണ്ടാക്കുന്ന മുടിയും താടിയും, ഒപ്പം കൈ, കാൽ വളകളും ചെവിയിലും തലയിലും പ്രത്യേക ചീപ്പ്, കിരീടത്തിൽ കൊമ്പുകൾ, തോൾ സഞ്ചി എന്നിങ്ങനെയാണ് ചമയങ്ങൾ. ഈ കുടുംബത്തിനു വേണ്ട
ചമയങ്ങൾ ഉണ്ടാക്കാൻ 10 ദിവസങ്ങളോളം വേണം. അതിനായി കുടുംബ സുഹൃത്തായ ഉള്ളിയേരിയിലെ സി.സി.ബാലകൃഷ്ണനും എത്തും.
കഴിഞ്ഞ 20 വർഷമായി ബാലകൃഷ്ണൻ ഇവരോടൊപ്പമുണ്ട്. ഉത്രാടത്തിനും തിരുവോണത്തിനും ബാലകൃഷ്ണൻ ഉള്ളിയേരിയിലും സമീപ പ്രദേശങ്ങളിലും ഓണേശ്വരൻ കെട്ടി എത്തുകയും ചെയ്യും.
ഉത്രാടം തിരുവോണം നാളുകളിലാണ് ഓണപ്പൊട്ടന്മാർ ഓലക്കുട ചൂടി കൈമണിയും കിലുക്കി വീടുകളിൽ എത്തുന്നത്.
താടി കെട്ടി കഴിഞ്ഞാൽ പിന്നെ ഉരിയാടാറില്ല. ഇങ്ങനെയാണ് ഓണപ്പൊട്ടൻ എന്ന പേര് വന്നത്.
ഓണപ്പൊട്ടൻ കെട്ടുന്ന ദിവസങ്ങളിൽ അരിഭക്ഷണം കഴിക്കില്ല. ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കൂത്താളി, ചക്കിട്ടപാറ പഞ്ചായത്തിലെ ചില ഭാഗങ്ങളിലുമാണ് ഇവർ ഓണേശ്വരൻ കെട്ടി എത്തുന്നത്.
മുൻപ് പണിക്കർ അടക്കം 3 പേർ ആയിരുന്നു ഈ പ്രദേശങ്ങളിൽ ആകെ എത്തിയിരുന്നത്. എന്നാൽ പണിക്കർ ഓണേശ്വരൻ കെട്ടൽ നിർത്തിയതോടെ മക്കൾ രണ്ടു പേർ മാത്രമായി.
5 വർഷം മുൻപാണ് ഒരു കൊച്ചുമകൻ വേഷം കെട്ടാൻ തുടങ്ങിയത്. എന്നാൽ ഇത്തവണ ഒരു കൊച്ചു മകൻ കൂടി എത്തിയതോടെ രംഗം കൊഴുക്കുകയും ചെയ്തു.
ഇത്തവണ 4 പേർ ഉള്ളതിനാൽ ഈ കുടുംബത്തിന് പ്രദേശങ്ങൾ മുഴുവനായി ഓടിയെത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഓണേശ്വരൻ കെട്ടുന്നതിനു പുറമേ തെയ്യം, വാദ്യ കലാകാരന്മാരാണിവർ.
കുട്ടിച്ചാത്തൻ, ഭഗവതി, ഭദ്രകാളി, പരദേവതാ തുടങ്ങിയ തെയ്യങ്ങൾ എല്ലാം ഇവർ കെട്ടി ആടാറുമുണ്ട്. ഉത്സവങ്ങൾ തുടങ്ങിയാൽ ഇവർ വീണ്ടും തിരക്കിലാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

