തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുഹമ്മദ് അസറുദ്ദീൻ പുറത്തെടുത്ത മിന്നൽ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകർഷിച്ചു. ആക്രമണോത്സുകതയും ഒപ്പം ഉത്തരവാദിത്തവും ഒരുപോലെ നിലനിർത്തിക്കൊണ്ടുള്ള ഈ പ്രകടനത്തിന്റെ ബലത്തിലാണ് ആലപ്പി റിപ്പിൾസ് നിശ്ചിത ഓവറിൽ 193 റൺസ് എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയത്.
നേരിട്ട 41 പന്തുകളിൽ നിന്നും 6 സിക്സറുകളുടെയും 3 ഫോറുകളുടെയും അകമ്പടിയോടെ 73 റൺസ് ആണ് താരം അടിച്ചുകൂട്ടിയത്.
ഈ ടൂർണമെന്റിൽ അസറിന്റെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ചുറിയാണിത്. ടീമിന്റെ തുടക്കത്തിൽ ഓപ്പണർ ജലജ് സക്സേന പുറത്തായതിന് ശേഷമാണ് താരം ക്രീസിലെത്തിയത്.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സച്ചിൻ ബേബിയുമായുള്ള കൂട്ടുകെട്ട് ടീമിന് മുതൽക്കൂട്ടായി. ഇരുവരും ചേർന്ന് 67 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ആനന്ദ് ജോസഫ് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ സിക്സർ പറത്തി തന്റെ ആക്രമണ സ്വഭാവം താരം വ്യക്തമാക്കുകയായിരുന്നു. സച്ചിന്റെ വിക്കറ്റ് നഷ്ടമായതോടെ സ്കോറിങ് വേഗത അല്പം കുറച്ചെങ്കിലും, ക്രീസിൽ നഖശിഖാാന്തം പൊരുതാൻ അസർ ശ്രദ്ധിച്ചു.
പിന്നീട് ഇന്നിങ്സിന്റെ പതിനൊന്നാം ഓവർ മുതൽ തന്റെ ഗിയർ മാറ്റിയ താരം എതിർ ബൗളർമാരെ കടന്നാക്രമിച്ചു. ആദിത്യ വിനോദ്, അഖിൽ എം.എസ്, ബിജു നാരായണൻ തുടങ്ങിയവരുടെ ഓവറുകളിൽ താരം റൺസ് അടിച്ചെടുത്തു.
ടീമിന്റെ മുൻനിര ബാറ്റർമാർ വീണപ്പോഴും അരുൺ കെ യുമൊത്ത് 37 റൺസും, അഭിജിത്ത് പ്രവീൺ ഒപ്പം ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്താൻ കഴിഞ്ഞത് ഇന്നിങ്സിന്റെ മാറ്റ് കൂട്ടി. സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിച്ചുള്ള ഈ പ്രകടനമാണ് ടീമിനെ വലിയ സ്കോറിലെത്തിക്കാൻ സഹായിച്ചത്.
ഒടുവിൽ ആദിത്യ വിനോദിന്റെ പന്തിൽ മൊഹമ്മദ് ഇനാൻ ക്യാച്ച് എടുത്താണ് അസർ പുറത്താകുന്നത്. ട്രിവാൻഡ്രത്തിനെതിരെയുള്ള ആദ്യ മത്സരത്തിലും 68 റൺസ് നേടി താരം തിളങ്ങിയിരുന്നു.
തൃശൂർ ടൈറ്റൻസിനെതിരായ ഈ മത്സരത്തിലെ മികച്ച പ്രകടനത്തോടെ രണ്ട് കളികളിൽ നിന്നായി ആകെ 141 റൺസ് നേടിയ അസറുദ്ദീൻ നിലവിൽ ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 90 റൺസെടുത്ത കൊച്ചിയുടെ സച്ചിൻ സുരേഷ് രണ്ടാമതും, 75 റൺസുമായി കൊല്ലത്തിന്റെ വത്സൽ ഗോവിന്ദ് മൂന്നാമതുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

