അർജന്റീന താരം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നു.
ഫുട്ബോൾ ടീമിന്റെ വരവിനായി സ്പോൺസർ വൻതോതിൽ പണം സമാഹരിച്ചതായി ജിഎസ്ടി വകുപ്പ് കണ്ടെത്തി. സ്പോൺസറുടെ അക്കൗണ്ടിലേക്ക് പുറത്തുനിന്നുള്ള രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 206 കോടി രൂപയിലേറെയാണ് എത്തിയത്.
എന്നാൽ ഈ തുക സ്പോൺസറുടേതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ ഭീമമായ തുക കൈമാറിയതുമായി ബന്ധപ്പെട്ട് യാതൊരുവിധ വായ്പാ രേഖകളോ നികുതി രേഖകളോ ലഭ്യമല്ല.
പണമിടപാടിലെ ഈ കടുത്ത അവ്യക്തത ചൂണ്ടിക്കാണിച്ച ജിഎസ്ടി വകുപ്പ് വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പോൺസറുടെ അക്കൗണ്ടിലേക്ക് പണമെത്തിയ ഉടൻ തന്നെ ഇത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
ഫെമ (FEMA) നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും ജിഎസ്ടി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്പോൺസറുടെ അക്കൗണ്ട് ഇടനില അക്കൗണ്ടായി പ്രവർത്തിച്ചോ എന്ന സംശയവും അധികാരികൾ പ്രകടിപ്പിക്കുന്നുണ്ട്.
മുഴുവൻ അക്കൗണ്ട് വിവരങ്ങളും ശേഖരിച്ച ശേഷം ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം ഇതുസംബന്ധിച്ച സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

