ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ 43കാരിയായ ബേബി തബസും, 15 വയസ്സുള്ള മകളുമാണ് കൊല്ലപ്പെട്ടത്.
ഈ ആക്രമണത്തിൽ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട 14 വയസ്സുള്ള രണ്ടാമത്തെ മകളുടെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഹമ്മദ് രാജ അൻസാരി തന്റെ മുറിയിൽ വച്ച് ഭാര്യയുടെ കഴുത്തിലും ശരീരത്തിലും നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് അമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ 15 വയസ്സുകാരിയായ മകളെയും ഇയാൾ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തി.
തുടർന്ന് 14കാരിയായ രണ്ടാമത്തെ മകളെയും ആക്രമിച്ചെങ്കിലും നേരിയ പരുക്കുകളോടെ അവൾ ഓടി രക്ഷപ്പെട്ട് അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ദിരാപുരം എസിപി സൂര്യബാലി മൗര്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിയായ അൻസാരി 2022 മുതൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളും വിഷാദരോഗവും നേരിട്ടിരുന്നതായും കഴിഞ്ഞ ഒന്നര മാസമായി മരുന്നുകൾ കഴിക്കുന്നത് നിർത്തിവച്ചിരുന്നതായും പൊലീസ് പറഞ്ഞു. മരുന്ന് കഴിക്കാൻ ഭാര്യ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
താൻ ജോലി ചെയ്യുന്ന ഖാസിപൂർ മാർക്കറ്റിൽ നിന്നും ഇതിനായി ഇയാൾ മുൻകൂട്ടി കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി ഖോദ പൊലീസ് സ്റ്റേഷൻ ഓഫിസർ നരേഷ് കുമാർ പറഞ്ഞു. വർധിച്ചുവരുന്ന കുടുംബച്ചെലവുകളും സാമ്പത്തിക ബാധ്യതയും കാരണമാണ് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ താൻ ഈ ക്രൂരത ചെയ്തതെന്നും ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

