ഉപയോക്താക്കൾക്ക് കൂടുതൽ സുസ്ഥിരമായ അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക മാറ്റങ്ങളുമായി ഗൂഗിൾ രംഗത്ത്. പുതിയ ആൻഡ്രോയിഡ് 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആപ്പുകൾക്കായുള്ള മെമ്മറി പരിധികൾ നടപ്പിലാക്കുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ കമ്പനി വ്യക്തമാക്കി.
സ്മാർട്ട്ഫോണുകളുടെ ഹാർഡ്വെയർ വില വർദ്ധനവ് തടയുന്നതിനും സോഫ്റ്റ്വെയർ വഴി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനുമാണ് ഈ പുതിയ നയം. ഡിവൈസുകളുടെ റാം ശേഷിക്ക് അനുസൃതമായി ആപ്പ് മെമ്മറി നിയന്ത്രിക്കാനാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
“മെമ്മറി ചോർച്ചകളും മറ്റ് പ്രശ്നങ്ങളും സിസ്റ്റം മൊത്തത്തിൽ തകരാറിലാക്കുന്നതിനും, യുഐ ലാഗ്, ബാറ്ററി ഡ്രെയിൻ, ആപ്പുകൾ ക്രാഷാവുന്നത് എന്നിവയ്ക്കും കാരണമാകുന്നതിന് മുൻപ് തന്നെ ഇത്തരം പരിധികൾ അവയെ നിയന്ത്രിക്കും” എന്ന് ഗൂഗിൾ വ്യക്തമാക്കി. പ്രശ്നം സൃഷ്ടിക്കുന്ന ആപ്പുകളുടെ വേഗത കുറയ്ക്കുകയോ അല്ലെങ്കിൽ അവ പൂർണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യുന്ന രീതിയിലുള്ള കർശന നടപടികളും ഇതിലുണ്ടാകും.
4GB റാം മുതൽ 16GB റാം വരെയുള്ള എല്ലാ ഡിവൈസുകൾക്കും ഈ പുതിയ മാറ്റത്തിന്റെ പ്രയോജനം ലഭിക്കും. ഒരു ആപ്പ് പൂർണ്ണമായി ക്ലോസ് ചെയ്യുന്നതിന് മുൻപ്, അതിന്റെ പേജുകൾ zRAM-ലേക്ക് (കംപ്രസ്ഡ് റാം) മാറ്റുന്നതിനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെവലപ്പർമാർക്ക് സ്വന്തം ആപ്പുകൾ നിരീക്ഷിക്കാനും ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി പരിഹരിക്കാനുമുള്ള പ്രത്യേക ടൂളുകളും കമ്പനി നൽകുന്നുണ്ട്. ഹാർഡ്വെയർ പരിമിതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷനിലൂടെ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

