കടലുമായി നേരിട്ട് ബന്ധമില്ലാത്ത മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവ അന്താരാഷ്ട്ര ചരക്കുനീക്കത്തിനായി പുതിയ യാത്രാമാർഗ്ഗം കണ്ടെത്തുന്നു. കസാക്കിസ്ഥാനിൽ തുടങ്ങി പാക്കിസ്ഥാനിലെ തുറമുഖങ്ങൾ വരെ നീളുന്ന സെൻട്രൽ ഏഷ്യ-സൗത്ത് ഏഷ്യ (കസാ റെയിൽവേ) പദ്ധതിയുമായി യുഎഇയും കൈകോർക്കുകയാണ്.
മധ്യേഷ്യൻ രാജ്യങ്ങൾക്കും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഈ റെയിൽവേ യാഥാർഥ്യമാകുന്നതിലൂടെ വലിയ വാണിജ്യ നേട്ടങ്ങളാണ് ലഭിക്കുക. എന്നാൽ നിർണായകമായ ഈ ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതിയിൽ ഇന്ത്യ പങ്കാളിയല്ല.
കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയിലൂടെ പാക്ക് തുറമുഖങ്ങളിലേക്ക് ചരക്കുതീവണ്ടിപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറിൽ യുഎഇ, ഉസ്ബെക്ക്, കസാക്കിസ്ഥാൻ അധികൃതർ ഒപ്പുവെച്ചതായി കസാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും ചരക്കുനീക്ക കണക്റ്റിവിറ്റിയിൽ മികച്ച സാധ്യതകളാണുള്ളത്. അടിസ്ഥാനസൗകര്യ വികസനം, ചരക്കുഗതാഗതം, വമ്പൻ നിക്ഷേപ പദ്ധതികൾ എന്നിവ ആവിഷ്കരിക്കുന്നതിൽ യുഎഇയ്ക്കുള്ള മുൻകാല അനുഭവസമ്പത്ത് ഈ പദ്ധതിക്ക് ഏറെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് കൂട്ടിച്ചേർത്തു.
പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗിക വശങ്ങൾ സമഗ്രമായി പഠിക്കും. ഇതിനായി പ്രത്യേക സംയുക്ത പ്രവർത്തക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ട്രാൻസ്-അഫ്ഗാൻ റെയിൽവേയുടെ പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്: ∙ കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് പാക്കിസ്ഥാൻ വഴി അന്താരാഷ്ട്ര തുറമുഖങ്ങളിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകും. ഇത് ഈ രാജ്യങ്ങളുടെ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകും.
∙ കയറ്റുമതി വരുമാനത്തിൽ വർദ്ധനവുണ്ടാകും. നേരിട്ടുള്ള ചരക്കുനീക്ക പാത യാഥാർഥ്യമാകുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വഴിയൊരുക്കും. അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാന് രാഷ്ട്രീയമായി വലിയ നേട്ടങ്ങൾ നൽകുന്നതാണ് ഈദ്ധാരണയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ലോകത്തിലെ മിക്ക രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ കാസാ റെയിൽവേ പദ്ധതിയിൽ അഫ്ഗാനെയും ഉൾപ്പെടുത്തുന്നത് അവർക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായി മാറിയേക്കാം.
കറാച്ചി, ഗ്വാദർ തുറമുഖങ്ങൾ വഴിയായിരിക്കും ചരക്കുനീക്കം പ്രധാനമായും നടക്കുകയെന്നതിനാൽ പാക്കിസ്ഥാനും പദ്ധതിയുടെ ഗുണം ലഭിക്കും. എന്നാൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലെ അതിർത്തി സംഘർഷം മാസങ്ങളായി തുടരുകയാണ്.
നിലവിൽ അഫ്ഗാനും പാക്കിസ്ഥാനും തമ്മിൽ യാതൊരുവിധ വ്യാപാരബന്ധവുമില്ല. അതിർത്തികൾ അടഞ്ഞുകിടക്കുന്നതിനാൽ അഫ്ഗാൻ വ്യാപാരികളുടെ ചരക്ക് കണ്ടെയ്നറുകൾ കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് അയവില്ലാത്തതിനാൽ അതിർത്തി എപ്പോൾ തുറക്കുമെന്നോ ഉഭയകക്ഷി വ്യാപാരം എപ്പോൾ പുനരാരംഭിക്കുമെന്നോ വ്യക്തതയില്ല. ഈ സാഹചര്യം ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതിയുടെ പുരോഗതിയെ വൈകിപ്പിച്ചേക്കാമെന്നും നിരീക്ഷകർ കരുതുന്നു.
പാക്കിസ്ഥാൻ വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടതോടെ ഇറാനിലെ ചബഹാർ, ബന്ദർ അബ്ബാസ് തുറമുഖങ്ങളെ ആശ്രയിക്കാനാണ് അഫ്ഗാൻ വ്യാപാരികളുടെ ശ്രമം. കൂടാതെ, പാക്കിസ്ഥാനെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള വ്യാപാരം അഫ്ഗാൻ വ്യാപാരികൾ സജീവമാക്കിയിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

