യുഎഇയിലെ രണ്ടര ലക്ഷത്തോളം വരുന്ന മലയാളികൾക്കായി ഓണസദ്യ ഒരുക്കുന്നതിനുള്ള പഴങ്ങളും പച്ചക്കറികളും വാഴയിലയുമായി ചാർട്ടേഡ് കാർഗോ വിമാനം കൊച്ചിയിൽ നിന്നും അബൂദാബിയിലേക്ക് പുറപ്പെട്ടു. കരിപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെഎൻപി എക്സ്പോർട്ടേഴ്സ് ആണ് 95,000 കിലോഗ്രാം ഭാരമുള്ള കാർഗോ കൊണ്ടുപോകുന്നതിനായി ഇത്തിഹാദിന്റെ നാഷനൽ എയർ കാർഗോ വിമാനം ചാർട്ടർ ചെയ്തത്.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള അനുമതി ഇല്ലാത്തതുകാരമാണ് കൊച്ചി തിരഞ്ഞെടുക്കേണ്ടി വന്നതെന്ന് സ്ഥാപനത്തിന്റെ ഉടമ സുഫിയാൻ കാരി വ്യക്തമാക്കി. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി വെറും ഒറ്റ ദിവസം കൊണ്ടാണ് ആവശ്യമായ വിഭവങ്ങൾ സമാഹരിച്ചത്.
കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് ശേഖരിച്ച സാധനങ്ങൾ 14 വലിയ ട്രക്കുകളിലായാണ് കൊച്ചിയിൽ എത്തിച്ചത്. കൊണ്ടോട്ടി, കൊച്ചി, തമിഴ്നാട്ടിലെ നാഗർകോവിൽ, ഒഡൻഛത്രം, തേനി, ഗുണ്ടൽപെട്ട് ഉൾപ്പെടെയുള്ള 6 പ്രധാന കേന്ദ്രങ്ങളിലായാണ് പാക്കിങ് ജോലികൾ പൂർത്തിയാക്കിയത്.
മേട്ടുപ്പാളയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യമായ വാഴയിലകൾ ശേഖരിച്ചത്. വയനാട്ടിൽ നിന്നുള്ള നേന്ത്രപ്പഴവും വാഴക്കുളത്തു നിന്നുള്ള കൈതച്ചക്കയും ഈ പ്രത്യേക ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ കൂടുതലായി എത്തിച്ചത്. പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ അതിവേഗം പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചരക്കുവിമാനം വഴി തന്നെ ഇവ കയറ്റി അയക്കുന്നത് എന്ന് സുഫിയാൻ കൂട്ടിച്ചേർത്തു.
വാഴയിലയും പഴവും പച്ചക്കറിയും അടക്കം ആകെ 95,000 കിലോഗ്രാം സാധനങ്ങളാണ് കെഎൻപി എക്സ്പോർട്ടേഴ്സ് ഇതിനായി കയറ്റിയയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

