കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി രംഗത്ത് ഹൈബി ഈഡൻ എം.പി. ‘കേരളം മെട്രോ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള കെ.എം.ആർ.എല്ലിന്റെ തീരുമാനം വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചു.
കൊച്ചി മെട്രോ എന്ന പേര് തന്നെ നിലനിർത്തണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ തോതിലുള്ള അഭിപ്രായ സമന്വയമില്ലാതെ ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളരുതെന്ന് ഹൈബി ഈഡൻ എം.പി കത്തിലൂടെ ഓർമ്മിപ്പിച്ചു.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും നഗര ഗതാഗത പദ്ധതികൾ വ്യാപിപ്പിക്കാൻ കൊച്ചി മെട്രോയുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നത് അഭിമാനകരമാണെങ്കിലും, പേര് മാറ്റം ഒട്ടും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പേര് മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കും.
ചരിത്രബോധമില്ലാതെ തിടുക്കത്തിൽ തീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ആശാട്യമല്ലെന്നും അങ്ങേയറ്റം അവധാനതയോടെ സമീപിക്കേണ്ട വിഷയമാണിതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികളുടെ ആസൂത്രണവും നിർവഹണവും ലക്ഷ്യമിട്ടാണ് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് മാറ്റത്തിനായി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടിയത്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി കമ്പനി നിലവിൽ പ്രവർത്തന ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്.
നാഗ്പൂർ മെട്രോയെ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലഖ്നൗ മെട്രോയെ ‘ഉത്തർപ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോയെ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എൽ ഇത്തരമൊരു നീക്കം നടത്തിയത്. ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പേരുമാറ്റവുമായി ബന്ധപ്പെട്ട
മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാൻ സാധിക്കൂ. തുടർന്ന് ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമമായ പേരുമാറ്റം നടപ്പിലാക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

