രാജ്യത്തിന്റെ സൈബർ സുരക്ഷാ രംഗത്തിന് പുതിയ ദിശാബോധം പകരുന്നതിനായി സംഘടിപ്പിക്കുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെസിഎസ്എസ്) സെപ്റ്റംബർ 5ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വെച്ച് നടക്കും. ‘നിർമിത ബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’ (Cyber Resilience in the Age of AI) എന്നതാണ് ഈ വർഷത്തെ പ്രധാന ചർച്ചാവിഷയം.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), സിസ്കോ, സീസ്കെലെർ തുടങ്ങിയ ലോകപ്രശസ്ത സാങ്കേതിക സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഈ സുപ്രധാന സംരംഭം ഒരുക്കിയിരിക്കുന്നത്. എഫ്9 ഇൻഫോടെക്കിന്റെ നേതൃത്വത്തിൽ, കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (കെഎസ്യുഎം) പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിനുപുറമെ ഡിഎസ്സിഐ, ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് (സിസിസിഐ) എന്നീ സംഘടനകളും സഹകരിക്കുന്നുണ്ട്. ഹൈബി ഈഡൻ എംപി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മനോജ് എബ്രഹാം, എറണാകുളം ജില്ലാ കലക്ടർ ജി.പ്രിയങ്ക, ഡിജിറ്റൽ സർവകലാശാല കേരള വൈസ് ചാൻസലർ ഡോ.
സജി ഗോപിനാഥ്, ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സിഇഒ വിനായക് ഗോഡ്സെ, മുൻ നാഷനൽ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്റർ ലഫ്റ്റനന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ (റിട്ട.) തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.
ഉച്ചകോടിയുടെ ഭാഗമായി തത്സമയ എഐ അറ്റാക്ക് സിമുലേഷനുകളും പ്രത്യേക ടെക്നിക്കൽ മാസ്റ്റർ ക്ലാസുകളും നടക്കും. ഇന്ത്യൻ സൈബർ സുരക്ഷാ മേഖലയിലെ മികച്ച സംഭാവനകളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പ്രഥമ കെസിഎസ്എസ് സൈബർ എക്സലൻസ് അവാർഡുകൾ 2026 ചടങ്ങിൽ വിതരണം ചെയ്യും.
അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി നൽകുന്ന ഈ പുരസ്കാരങ്ങൾക്കായി ഓഗസ്റ്റ് 21 വരെ അപേക്ഷ സമർപ്പിക്കാം. സൈബർ സെക്യൂരിറ്റി ലീഡർ ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി എന്റർപ്രൈസ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയർ, സൈബർ സെക്യൂരിറ്റി ഇനൊവേഷൻ അവാർഡ്, സൈബർ സെക്യൂരിറ്റി ഇക്കോസിസ്റ്റം എക്സലൻസ് അവാർഡ് എന്നിവയാണ് പ്രധാന അവാർഡ് വിഭാഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

