കേരളത്തിലെ തീരപ്രദേശങ്ങളിൽ അതിശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ള പശ്ചാത്തലത്തിൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തീരദേശ മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകൾ ഇന്ന് (ഓഗസ്റ്റ് 18) രാത്രി 9.15 ന് മുഴങ്ങുമെന്ന് അധികൃതർ അറിയിച്ചു. ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, കേരള തീരത്ത് ഇന്ന് (18/08/2026) അർധരാത്രി മുതൽ വ്യാഴാഴ്ച (20/08/2026) വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
സമുദ്രത്തിലെ ഈ അപൂർവ്വ പ്രതിഭാസം മൂലം തീരദേശ പ്രദേശങ്ങളിലും പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും ശക്തമായ കടലാക്രമണത്തിനും സാധ്യതയേറെയാണ്. സംസ്ഥാനത്ത് താഴെ പറയുന്ന വിവിധ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്:
* തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
* കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
* ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
* എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
* തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
* മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
* കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
* കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
* കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
ഇതിനുപുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. സുരക്ഷ മുൻനിർത്തി താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം: 1.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
2.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും.
ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കുക.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
5.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട
സാധ്യത ഒഴിവാക്കാൻ സഹായിക്കും. കൂടാതെ മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
6.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

