പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അർബുദ ബാധിതനായ അച്ഛനും മകനും സഞ്ചരിച്ച കാറിനു നേരെ പട്ടാപ്പകൽ ഒറ്റയാന്റെ ആക്രമണം.
കാർ കുത്തിമറിച്ചിടാൻ ശ്രമിച്ച ആന, വാഹനം നൂറു മീറ്ററോളം തള്ളിനീക്കുകയുണ്ടായി. വൻ ദുരന്തത്തിൽ നിന്ന് ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.
കുമ്പളത്താമൺ മേലേത്ത് ജോൺ എം.ജോർജും മകൻ ലിജിൻ ജോണും സഞ്ചരിച്ച കാറിനു നേരെയാണ് ഈ അപൂർവവും ഭയപ്പെടുത്തുന്നതുമായ സംഭവം ഉണ്ടായത്. ഇന്നലെ രാവിലെ 11.30ന് വടശേരിക്കര മനോരമ മുക്ക്–കുമ്പളത്താമൺ റോഡിലാണു സംഭവം അരങ്ങേറിയത്.
വടശേരിക്കരയിൽ നിന്നു മരുന്നുകളും വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. ലിജിനാണു കാറോടിച്ചിരുന്നത്.
വലിയ വളവ് തിരിഞ്ഞപ്പോൾ റോഡിന്റെ വലതു വശത്തെ റബർ തോട്ടത്തിൽ നിന്ന് ഒറ്റയാൻ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിവരികയായിരുന്നു. ഉടൻ തന്നെ ലിജിൻ ബ്രേക്ക് ചവിട്ടി കാർ നിർത്തി.
തുടർന്ന് അക്രമാസക്തനായ ആന കാർ മറിച്ചിടാൻ ശ്രമിക്കുകയും വാഹനം ചെറുതായി ഉയർത്തുകയും ചെയ്തു. ഇതിനിടെ നൂറു മീറ്ററോളം കാർ റോഡിലൂടെ നിരക്കി നീക്കി.
ഭയന്നുപോയെങ്കിലും ലിജിൻ ഹോൺ നിർത്താതെ മുഴക്കി. തുടർന്ന് കാർ ഉപേക്ഷിച്ച് ആന ഇടതു വശത്ത് കല്ലാറിന്റെ തീരത്തേക്കിറങ്ങിപ്പോവുകയായിരുന്നു.
ഒരു മീറ്റർ കൂടി കാർ തള്ളി നീക്കിയിരുന്നെങ്കിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞുവീണേനെ. ആക്രമണത്തിൽ കാറിന്റെ ഡ്രൈവർ സീറ്റിനു സമീപത്തെ വാതിലും ചില്ലും തകർന്നിട്ടുണ്ട്.
വിവരമറിഞ്ഞ് വടശേരിക്കര പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും വനപാലകരും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ… “നടുക്കം ഇനിയും മാറിയിട്ടില്ല…എല്ലാം നടന്നത് സെക്കൻഡുകൾക്കുള്ളിൽ.
വളവിൽ കാറും കാട്ടാനയും ഒന്നിച്ചെത്തി. കാർ നിർത്തിയപ്പോൾ ആക്രമണം തുടങ്ങി.
എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലാവാത്ത നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ…അതിനോടകം എല്ലാം അവസാനിപ്പിച്ച് ആന പോയി. സംയമനം കൈവിടാതെ വാഹനത്തിലിരുന്നതു കൊണ്ടു മാത്രം ഒന്നും സംഭവിച്ചില്ല.
ഇവിടെ സ്ഥിരമായി കാട്ടാനകൾ ഇറങ്ങാറുണ്ട്. എന്നാൽ പട്ടാപ്പകൽ ഇതുപോലെ മുന്നിൽപ്പെടുമെന്നു കരുതിയില്ല.
രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രമാണ്”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

