തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ ദേവസ്വം ബോർഡിനു കീഴിലുളള പാർശാല ശ്രീ മഹാദേവർ ക്ഷേത്രം വളപ്പിൽ വലിയ ആശങ്ക പരത്തി ആൽമരം പിളർന്നു നിലംപൊത്തി. തിങ്കൾ വൈകിട്ട് നാലു മണിയോടെയാണ് ഈ അപൂർവ്വവും ഭീതിപരത്തുന്നതുമായ സംഭവം അരങ്ങേറിയത്.
ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആൽത്തറയിൽ നിന്നിരുന്ന പഴക്കം ചെന്ന കൂറ്റൻ ആൽമരമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പിളർന്നു വീണത്. ഭീമാകാരമായ പ്രധാന ശിഖരം വലിയ ശബ്ദത്തോടുകൂടിയാണ് മറിഞ്ഞുവീണത്.
നടവാതിലിന്റെ പുറത്തേക്ക് പതിച്ച ശിഖരം ഒടിഞ്ഞ് രണ്ടായി തിരിഞ്ഞ് ഒരു ഭാഗം എതിർവശത്തേക്ക് പതിക്കുകയായിരുന്നു. സംഭവസമയത്ത് ഈ ഭാഗത്ത് ഭക്തരോ ജനങ്ങളോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
മരച്ചില്ലകൾ വീണ് നടവാതിലിന്റെ പുറത്തെ കോൺക്രീറ്റ് ഭാഗം ഇളകിത്തെറിച്ചെങ്കിലും മറ്റു വലിയ സാരമായ കേടുപാടുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടവിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പാറശാല ഫയർഫോഴ്സ് യൂണിറ്റ്, മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി ഗതാഗതവും വഴിപാടുകളും സുഗമമാക്കി.
എന്നാൽ, നിലവിൽ നിൽക്കുന്ന മരത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ഏതു നിമിഷവും നിലംപൊത്താവുന്ന അപകടാവസ്ഥയിലാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

