ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻഎഎൽഎസ്എആർ) ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 2026-ൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന കർശന നിർദേശം ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പിൻവലിച്ചു. പ്രമുഖ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിലേക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ ഉത്തരവ് പിൻവലിക്കുന്നതായി ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.
‘‘വിശദമായ ചർച്ചകൾക്ക് ശേഷം മുൻ ഉത്തരവിൽ ബിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽനിന്ന് 2026 ൽ പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർഥികൾക്കും തങ്ങൾക്ക് ഇഷ്ടമുള്ള സംസ്ഥാന ബാർ കൗൺസിലിൽ എൻറോൾ ചെയ്യാൻ അർഹതയുണ്ടായിരിക്കും.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
തെറ്റ് ചെയ്യാത്ത ഒരു വിദ്യാർഥിയും ഇതിന്റെ പേരിൽ കഷ്ടപ്പെടാൻ ഇടവരരുത്’’– ബിസിഐ അധ്യക്ഷൻ മനൻ കുമാർ മിശ്ര പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട
കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രംഗത്തുവന്നിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്നാണ് സർവകലാശാലയോട് വിശദമായ റിപ്പോർട്ട് നൽകാനും പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ തിരിച്ചറിയാനും ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്.
രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ പദവിയോട് മതിയായ ആദരവോ ബഹുമാനമോ പ്രകടിപ്പിക്കാത്ത ഒരു നിയമവിദ്യാർഥിക്ക് ഉത്തരവാദിത്തമുള്ള അഭിഭാഷകനാകാനോ ന്യായാധിപനാകാനോ യോഗ്യതയില്ലെന്ന നിലപാടാണ് ബിസിഐ ഇതിനുമുമ്പ് സ്വീകരിച്ചിരുന്നത്. വിഷയത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സർവകലാശാലയ്ക്ക് മൂന്ന് ദിവസത്തെ സമയപരിധിയും നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

