തിരുവനന്തപുരം: തമിഴ്നാട്ടിൽ വെച്ച് മലയാളി ശിവസേന നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതികൾ അറസ്റ്റിൽ.
ചെങ്കവിള സ്വദേശിയും തമിഴ്നാട് ശിവസേന പാർട്ടിയുടെ കേരള അധ്യക്ഷനുമായ അതുൽ (32) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
അജിത് (23, കുഴിത്തുറൈ കല്ലുകെട്ടി സ്വദേശി), പ്രവീൺ (26, കഴുവൻതിട്ട സ്വദേശി), രാജൻ (32, മാർത്താണ്ഡം കരിങ്കൽ പള്ളിയാടി സ്വദേശി) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കാപ്പ കേസിൽ പ്രതിയായ അതുൽ പളുകലിലായിരുന്നു താമസം. മാർച്ച് 27-നാണ് കുഴിത്തുറയിലെ ഒരു സുഹൃത്തിന്റെ കുടുംബത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ അതുൽ പോയത്.
എന്നാൽ പിന്നീട് അദ്ദേഹം തിരികെയെത്തിയിരുന്നില്ല. ചടങ്ങിന്റെ ഭാഗമായി മദ്യപിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും, തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് അതുലിനെ ആക്രമിക്കുകയുമായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം അതുലിന്റെ കാറിൽ തന്നെ മൃതദേഹം കുഴിത്തുറയ്ക്കടുത്ത് നദിയിൽ ഉപേക്ഷിച്ചു. തുടർന്ന് അതുലിന്റെ കാറുമായി കടന്ന പ്രതികൾ വാഹനത്തിന്റെ നമ്പർപ്ലേറ്റ് ഊരി മാറ്റിയാണ് രക്ഷപ്പെട്ടത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ 28-ാം തീയതി കൊല്ലങ്കോട്, കുഴിത്തുറ, മാർത്താണ്ഡം എന്നിവിടങ്ങളിലെ ബാറുകളിൽ നാലംഗ സംഘം മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കല്ലുകെട്ടിയിലെ വീട്ടിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൃത്യത്തിന് ശേഷം പ്രതികളായ അജിതും പ്രവീണും ട്രെയിനിൽ ഡൽഹിയിലേക്കും പിന്നീട് വാരണാസിയിലേക്കും കടന്നുകളയുകയായിരുന്നു. ഇവർക്ക് ഗൂഗിൾപേ വഴി സാമ്പത്തിക സഹായം എത്തിച്ചിരുന്നത് രാജനാണ്.
പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവന്ന തമിഴ്നാട് പോലീസ് ഒടുവിൽ ഇവരെ പിടികൂടുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

