കൊല്ലം ജില്ലയിലെ ചിതറയിൽ വാടകത്തർക്കത്തെ തുടർന്ന് വാടകക്കാരുടെ വീട് ജെസിബി ഉപയോഗിച്ച് ഇടിച്ചു തകർത്ത സംഭവത്തിൽ ദുരൂഹതയേറുന്നു. വാടകക്കാരെ പ്രദേശത്തുനിന്ന് ഒഴിവാക്കാനായി പ്രതികൾ മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൾ വാഹിദ്, സുഹറ ബീവി എന്നിവരെ വീട്ടിൽ നിന്നും അകറ്റി നിർത്തുന്നതിനായി ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തക്കം നോക്കിയാണ് പ്രതികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീട് പൂർണ്ണമായും തകർത്തത്.
ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് ബോധപൂർവ്വം വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
അതേസമയം, കിടപ്പാടവും ഒപ്പം ആശ്രയമായിരുന്ന കടയും പൂർണ്ണമായി നഷ്ടപ്പെട്ട ഈ ദമ്പതികൾക്ക് ഇന്നലെ രാത്രി അന്തിയുറങ്ങേണ്ടി വന്നത് തകർക്കപ്പെട്ട
കെട്ടിടത്തിന് സമീപത്തെ അവശിഷ്ടങ്ങൾക്ക് ഇടയിലാണ്. ഇതിനിടയിൽ ഇന്നലെ രാത്രി തങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായതായും ദമ്പതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വർഷങ്ങളായി ഇവർ താമസിച്ചുവരുന്ന വീടും കടയുമാണ് ഉടമകൾ അതിക്രമിച്ചു കയറി തകർത്തത്. വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
തങ്ങൾ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിൽ എത്തിയ തക്കം നോക്കിയാണ് ഉടമകൾ ഈ ക്രൂരകൃത്യം നടത്തിയതെന്ന് ദമ്പതികൾ ആവർത്തിച്ചു വ്യക്തമാക്കി. വീട് പൂർണ്ണമായി നിലംപൊത്തിയതോടെ ഇരുവരുടെയും വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

