2019ലെ പ്രളയത്തിൽ വീടും ജീവിതസമ്പാദ്യവും പൂർണ്ണമായി നഷ്ടപ്പെട്ടഅമ്മു എന്ന 63കാരിയുടെ ദുരിതജീവിതം നീളുന്നു. മംഗലം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അഞ്ചുമൂർത്തിമംഗലം കുന്നേക്കാട് പരേതരായ ചെല്ലൻ – രക്കു ദമ്പതികളുടെ മകളായ അമ്മുവിന്റെ വീട് പൂർണ്ണമായും തകരുകയായിരുന്നു.
ഇഷ്ടിക കൊണ്ടു നിർമ്മിച്ച വീടാണ് പ്രളയത്തിൽ നാമാവശേഷമായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർ പിന്നീട് സഹോദരൻ രാമന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
സംഭവത്തിനു പിന്നാലെ വില്ലേജ് അധികൃതരും പഞ്ചായത്ത് പ്രതിനിധികളും ദുരിതാശ്വാസ പ്രവർത്തകരും സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ദുരന്തം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
സർക്കാർ സഹായം വൈകുമെന്ന് കണ്ടതോടെ സ്വന്തം അധ്വാനത്തിലൂടെ കരിങ്കല്ല് ഉപയോഗിച്ച് ചെറിയൊരു തറ കെട്ടിപ്പടുത്തെങ്കിലും പിന്നീട് രോഗങ്ങൾ പിടിപെടുകയായിരുന്നു. ജോലികൾക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായ ഇവർക്ക് എല്ലുതേയ്മാനത്തിന് മരുന്നു വാങ്ങാൻ മാത്രം മാസം തോറും 2000 രൂപ ആവശ്യമുണ്ട്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. സഹോദരൻ രാമനും കുടുംബവും പിന്തുണ നൽകുന്നുണ്ടെങ്കിലും എത്രകാലം മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുമെന്ന ആകുലതയിലാണ് അമ്മു.
സർക്കാരിന്റെ ഏതെങ്കിലും ഭവന പദ്ധതിയിലൂടെ ഒരു ചെറിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. രാവിലെ മുതൽ ആടുകളെ പരിപാലിച്ചു ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് നിലവിലുള്ള ഏക ആശ്രയം.
താൻ നിർമ്മിച്ച തറയിൽ ഒരു ചെറിയ വീട് പണിത് നൽകാൻ കനിയുന്ന മനസ്സ് ഉള്ളവരുടെ സഹായം തേടുകയാണ് ഈ വടക്കഞ്ചേരി സ്വദേശിനി. “ജോലി ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഒരു ഒറ്റമുറി വീടെങ്കിലും പണിതുയർത്തിയേനെയെന്നും ഇനി അതിനാകില്ലല്ലോയെന്നും” അമ്മു വിഷമത്തോടെ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

