തൃശൂർ നഗരത്തിൽ രാത്രികാലങ്ങളിൽ മോഷ്ടിച്ച വാഹനത്തിൽ കറങ്ങിനടന്ന് അക്രമം അഴിച്ചുവിട്ട യുവാക്കൾ പൊലീസ് പിടിയിൽ.
തെരുവിൽ അന്തിയുറങ്ങുന്നവരെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവങ്ങളിലാണ് അറസ്റ്റ്. ചാവക്കാട് തൊട്ടാപ്പ് പാറക്കൽ സാദിഖ് (19), പീച്ചി ചെന്നായ്പ്പാറ സ്വദേശി ഡാനി ജോർജ് (27) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ചെ 3 മണിയോടെ ശക്തൻ നഗറിലായിരുന്നു ആശങ്ക പരത്തിയ സംഭവങ്ങൾ അരങ്ങേറിയത്.
ഗുരുവായൂരിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിലെത്തിയ പ്രതികൾ ശക്തൻ സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധിക ദമ്പതികളായ മുത്തുക്കൃഷ്ണൻ, ഭാര്യ ഗോമതി എന്നിവരെ ആക്രമിക്കുകയായിരുന്നു. മുത്തുക്കൃഷ്ണന്റെ തലയിൽ വെട്ടിപ്പരുക്കേൽപ്പിച്ച സംഘം ഗോമതിയെയും ആക്രമിച്ചു.
തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന പണവും എടിഎം കാർഡും തട്ടിയെടുത്ത ശേഷം പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഗുരുതര പരുക്കേറ്റ മുത്തുക്കൃഷ്ണൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ സമീപത്തെ മറ്റൊരു ക്രൂരതയും അരങ്ങേറി. സമീപത്തെ ഹോട്ടലിന് മുന്നിലൂടെ മുച്ചക്ര സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഭിന്നശേഷിക്കാരനായിരുന്നു അടുത്ത ഇര.
സൈക്കിളോടെ ഇദ്ദേഹത്തെ തൂക്കിയെടുത്തു കൊണ്ടുപോയ പ്രതികൾ, സമീപത്തെ കെട്ടിടത്തിന്റെ മറവിൽ എത്തിച്ച് വായിൽ തുണി തിരുകി മർദിച്ചവശനാക്കിയ ശേഷം പണം കവർന്നു. രാത്രികാലങ്ങളിൽ നിരാലംബരായ വ്യക്തികളെ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണങ്ങളും പിടിച്ചുപറിയും നടത്തിവന്ന സംഘത്തെ കണ്ടെത്താൻ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
സിറ്റി ക്യാമറ കൺട്രോൾ റൂമിന്റെ സഹായത്തോടെ പ്രതികളെ നിരീക്ഷിച്ചുവന്ന പൊലീസ് സംഘം, ഗുരുവായൂർ വരെ നീണ്ട ശക്തമായ തിരച്ചിലിനൊടുവിലാണ് ഇവരെ വളഞ്ഞുകുടുക്കിയത്.
എസിപി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, എസ്ഐമാരായ ജീസ് മാത്യു, വരുൺ, സ്ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക്, സൂരജ്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സാദിഖിനെതിരെ ഈസ്റ്റ്, കുന്നംകുളം, ഗുരുവായൂർ, വാഴക്കാട് സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

