തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണാവകാശം ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് നൽകാൻ കെനിയൻ സർക്കാർ തീരുമാനിച്ചപ്പോൾ, പിന്നാലെ കണ്ടത് കനത്ത പ്രക്ഷോഭമായിരുന്നു. ജോമോ കെനിയാത്ത വിമാനത്താവളത്തിൽ കെനിയന് ഏവിയേഷൻ വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും പടരുന്നതായിരുന്നു കാഴ്ച.
നെയ്റോബിയിൽ നിന്നുള്ളത് ഉൾപ്പെടെ വിമാനസർവീസുകൾ പലതും റദ്ദാക്കിയത് യാത്രക്കാരെയും വലച്ചിരുന്നു. വിമാനത്താവള നിയന്ത്രണം അദാനിക്ക് കൈമാറിയാൽ കെനിയക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും വിദേശ തൊഴിലാളികളുടെ എണ്ണം വർധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രക്ഷോഭം.
ജോമോ കെനിയാത്ത വിമാനത്താവളത്തിൽ പുതിയ രാജ്യാന്തര ടെർമിനലിന്റെ നിർമാണക്കരാറും 30 വർഷത്തേക്ക് നിയന്ത്രാണാവകാശവും അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എയർപോർട്സിന് നൽകാനായിരുന്നു കെനിയൻ സർക്കാരിന്റെ നീക്കം. തൊഴിലാളി പ്രക്ഷോഭത്തിന് പുറമേ കോടതിയിൽ നിന്നുള്ള പ്രതികൂല വിധിയും അദാനിയെ ഒഴിവാക്കാൻ കെനിയൻ സർക്കാരിനെ പ്രേരിപ്പിച്ചു.
അദാനിയെ ‘വേണ്ടെന്നുവച്ച’ കെനിയൻ സർക്കാർ ഇപ്പോൾ കരാർ നൽകിയിരിക്കുന്നത് ചൈനയുടെ ചൈന കമ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് (സിസിസിസി). അദാനി ഗ്രൂപ്പ് 200 കോടി ഡോളറിന്റെ പദ്ധതിയായിരുന്നു മുന്നോട്ടുവച്ചിരുന്നത്.
എന്നാൽ, ചൈനീസ് കമ്പനിക്ക് കെനിയൻ സർക്കാർ കരാർ നൽകിയിരിക്കുന്നത് ഇതിനേക്കാൾ 50% അധികതുകയായ 290 കോടി ഡോളറിനാണ്. പദ്ധതിക്കുള്ള പണം ആദ്യം സ്വന്തം നിലയ്ക്ക് നൽകാമെന്ന് പറഞ്ഞിരുന്ന കെനിയൻ സർക്കാർ ഇപ്പോൾ 70 ശതമാനത്തോളം തുകയും കടമെടുത്ത് നൽകാനുള്ള ശ്രമത്തിലാണ്.
ബാക്കി 30% വിമാനത്താവള വരുമാനത്തിൽ നിന്നും ദേശീയ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും കണ്ടെത്തും. നിലവിൽ പ്രതിവർഷം 75 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതാണ് ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളം.
കെനിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. പുതിയ ടെർമിനൽ ഉൾപ്പെടെ സജ്ജമാകുമ്പോൾ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 2.2 കോടിയിലെത്തുമെന്നാണ് കരുതുന്നത്.
എത്യോപ്യ, റുവാണ്ട എന്നിവിടങ്ങളിൽ നിന്ന് ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പ്രത്യേകിച്ച് എത്യോപ്യയിലെ അഡിസ് അബാബ വിമാനത്താവളം മേഖലയിലെ വ്യോമയാന ഹബ്ബായി വളർന്നുകഴിഞ്ഞു. ഇതിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ടെർമിനൽ നിർമാണത്തിലേക്ക് കെനിയ കടക്കുന്നത്.
ചൈനീസ് കമ്പനിയായ സിസിസിസി ആദ്യമായല്ല കെനിയയിൽ പദ്ധതികൾ ഏറ്റെടുക്കുന്നത്. നെയ്റോബി എക്സ്പ്രസ് വേ, മൊംബാസ-നെയ്റോബി റെയിൽപ്പാത എന്നിവയുടെ നിർമാണച്ചുമതലകളും വഹിച്ചത് സിസിസിസിയും അനുബന്ധ കമ്പനികളുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

