കൊച്ചി നഗരത്തിലെ പ്രധാന സ്റ്റേഷനായ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിർണായക ചർച്ച. സ്റ്റേഷന്റെ പേര് ‘തേവര പൊലീസ് സ്റ്റേഷൻ’ എന്ന് പുനർനാമകരണം ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറ് വ്യക്തമാക്കി.
പൊലീസും നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകളും തമ്മിലുള്ള കൂട്ടായ്മയായ പ്രൈഡിന്റെ (പൊലീസ് റസിഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ എറണാകുളം ഡിസ്ട്രിക്ട്) യോഗത്തിലാണ് കമ്മിഷണർ ഈ അഭിപ്രായം പങ്കുവെച്ചത്. തേവരയിൽ നിന്നുള്ള റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി താൻ തേവര സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത് എന്ന് പരിചയപ്പെടുത്തിയപ്പോഴാണ് കമ്മിഷണർ ഈ വിഷയം ഉന്നയിച്ചത്.
മുൻപ് കൊച്ചിയിൽ ഡിഐജി ആയിരുന്ന കാലം മുതലേ പൊതുജനങ്ങൾ സൗത്ത് സ്റ്റേഷനെ തേവര സ്റ്റേഷൻ എന്നാണ് വിളിക്കുന്നതെന്നും നാട്ടുകാർക്ക് ആ പേരിലാണ് കൂടുതൽ താല്പര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സ്റ്റേഷന്റെ പേര് മാറ്റുന്നത് ഉചിതമായിരിക്കുമെന്നും കമ്മിഷണർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ പങ്കെടുത്ത തേവര മേഖലയിലെ മുഴുവൻ പ്രതിനിധികളും ഈ നിർദേശത്തെ പൂർണ്ണമായി പിന്താങ്ങി. തുടർന്ന്, ഇക്കാര്യം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പേരുമാറ്റത്തിനായി ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കുമെന്നും കമ്മിഷണർ അറിയിച്ചു.
സിറ്റി പൊലീസ് പരിധിയിലെ വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളാണ് യോഗത്തിൽ സംബന്ധിച്ചത്. സർക്കാർ നിർദേശപ്രകാരം ഓപ്പറേഷൻ തൂഫാൻ, ജനമൈത്രി പൊലീസ് സംവിധാനം എന്നിവ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുറച്ചുകാലമായി മുടങ്ങിക്കിടന്ന യോഗം വീണ്ടും വിളിച്ചുചേർത്തത്.
ഇനി മുതൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ച പ്രൈഡ് യോഗം ചേരുമെന്നും ഓരോ സ്റ്റേഷൻ പരിധിയിലും അസോസിയേഷനുകളുടെ യോഗങ്ങൾ കൃത്യമായി നടത്തുുമെന്നും അധികൃതർ അറിയിച്ചു. സ്റ്റേഷനുകളിൽ ജനമൈത്രി ബീറ്റ് പുനഃസ്ഥാപിക്കുമെന്നും റസിഡന്റ്സ് അസോസിയേഷൻ യോഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
മേഖലയിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിൽ ഡിസിപി അഡ്മിനിസ്ട്രേഷൻ എ.പി.ചന്ദ്രൻ, സൗത്ത് എസിപി കെ.ജെ.പീറ്റർ, വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

