കനത്ത മഴ മാത്രമായിരുന്നില്ല മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് ആക്കംകൂട്ടിയതെന്നും, പ്രദേശത്തെ അപൂർവമായ ഭൂഗർഭ ബലഹീനതകൾ ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നും പുതിയ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യാന്തര ഭൗമശാസ്ത്ര ജേർണലായ ‘ലാൻഡ്സ്ലൈഡ്സി’ൽ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട
ഗവേഷണത്തിലൂടെയാണ് ദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങൾ പുറത്തുവന്നിരിക്കുന്നത്. കേരള സർവകലാശാല, മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ), സാവിത്രി ബായ് ഫുലെ പൂനെ സർവകലാശാല എന്നിവിടങ്ങളിലെ ഭൗമശാസ്ത്ര ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.
കേരള സർവകലാശാല ജിയോളജി വകുപ്പ് അധ്യാപകരായ ഡോ. വൈ.
അനിൽകുമാർ, ഡോ. സജിൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം പൂർത്തിയാക്കിയത്.
2024 ജൂലൈ 30ന് രാത്രിയിൽ 48 മണിക്കൂറിനിടെ ഏകദേശം 573 മിില്ലിമീറ്റർ മഴ ലഭിച്ചതോടെയാണ് പുന്നപ്പുഴയുടെ മുകൾഭാഗത്ത് മലയുടെ ഒരുഭാഗം തകർന്ന് വീണത്. തുടർന്ന് അതിവേഗത്തിൽ സഞ്ചരിച്ച ചെളിയും പാറകളും അടങ്ങിയ പ്രവാഹം ഏകദേശം 8 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും 768 മീറ്റർ ഉയരവ്യത്യാസം മറികടക്കുകയും ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വഴിയിലുണ്ടായിരുന്ന പാറകളും മണ്ണും മരങ്ങളും വേരോടെ ഒഴുകിപ്പോയതോടെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ വലിയ നാശനഷ്ടമാണുണ്ടായത്. ഈ പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്ര വലിയ ദുരന്തം സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി 2025 ഏപ്രിൽ മാസത്തിൽ ഗവേഷകർ ദുരന്തബാധിത മേഖലയിൽ വിശദമായ ഫീൽഡ്തല പഠനം നടത്തി.
ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പ്രദേശങ്ങളിൽ നേരിട്ടെത്തി പാറകളുടെ സ്വഭാവം പരിശോധിക്കുകയും സാംപിളുകൾ ശേഖരിച്ച് വിശകലനം ചെയ്യുകയും ചെയ്തു. ഉരുൾപൊട്ടൽ ആരംഭിച്ച മുകൾഭാഗത്തേക്ക് നേരിട്ട് എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രോൺ അധിഷ്ഠിത സാങ്കേതികവിദ്യയും ഉയർന്ന റെസല്യൂഷനിലുള്ള വ്യോമചിത്രങ്ങളും ഉപയോഗിച്ചാണ് അവിടുത്തെ ഭൂപ്രകൃതി പഠനവിധേയമാക്കിയത്.
മഴ ഉരുൾപൊട്ടലിനു തുടക്കമിട്ടെങ്കിലും, മല എവിടെയാണ് തകരേണ്ടത്, അവശിഷ്ടങ്ങൾ എങ്ങനെയാണ് സഞ്ചരിക്കേണ്ടത്, ദുരന്തം എന്തുകൊണ്ടാണ് ഇത്രയും രൂക്ഷമായത് എന്നിവയെല്ലാം മുൻകൂട്ടി നിലനിന്നിരുന്ന ഭൂഗർഭ ഘടനകളാണ് നിർണയിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അതിനാൽ ഭാവിയിൽ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തുമ്പോൾ കാലാവസ്ഥയും ഭൂഗർഭശാസ്ത്രവും ഒരുപോലെ പരിഗണിക്കേണ്ടത് അനിവാര്യമാണ്.
ശക്തമായ ഭൂചലനങ്ങൾ വിള്ളലുകൾ സൃഷ്ടിച്ചു പഠനമനുസരിച്ച്, ദുരന്തബാധിത പ്രദേശത്തെ മലനിരകൾ കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കട്ടിയുള്ള പാറകളാൽ രൂപപ്പെട്ടവയാണ്. ഭൂമിയുടെ അടിത്തട്ടിൽ നടന്ന ശക്തമായ ഭൂചലനങ്ങളും ഉയർന്ന സമ്മർദങ്ങളും കാരണം ഈ പാറകളിൽ ഒട്ടേറെ സ്വാഭാവിക വിള്ളലുകളും ബലഹീന മേഖലകളും രൂപപ്പെട്ടിരുന്നു.
ഇത് മലയുടെ സ്ഥിരതയെ ദീർഘകാലമായി ബാധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിശക്തമായ മഴ ലഭിച്ചതോടെ വെള്ളം പാറകളിലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന വിള്ളലുകളിലൂടെ അതിവേഗം അകത്തേക്ക് പ്രവേശിക്കുകയും മലയുടെ ഉൾഭാഗത്തെ ജലസമ്മർദം വർധിക്കുകയും ചെയ്തു.
ഒടുവിൽ പാറയ്ക്ക് താങ്ങാനുള്ള ശേഷി നഷ്ടപ്പെടുകയും ഒരു വലിയ ശിലാഭാഗം വേർപെട്ട് താഴേക്ക് നീങ്ങുകയുമായിരുന്നു. എന്നാൽ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചത് ഇതിൽ ഒതുങ്ങിയിരുന്നില്ല.
താഴേക്ക് നീങ്ങിയ ചെളി-പാറ പ്രവാഹം ചില ഭാഗങ്ങളിൽ ഇടുങ്ങിയ താഴ്വാരങ്ങളിലെത്തിയപ്പോൾ ശക്തമായ പാറകൾ സ്വാഭാവിക തടസ്സങ്ങളായി പ്രവർത്തിച്ചു. പ്രത്യേകിച്ച് മെറ്റാഗാബ്രോ, ഗ്രാനൈറ്റ് പോലുള്ള ശക്തമായ പാറകൾ എളുപ്പത്തിൽ ക്ഷയിക്കാത്തതിനാൽ താഴ്വര ഇടുങ്ങിയ നിലയിൽ തുടർന്നു.
ഇതുമൂലം ഒഴുകിയെത്തിയ പാറകളും ചെളിയും താൽക്കാലികമായി അടിഞ്ഞുകൂടി പ്രകൃതിദത്ത അണക്കെട്ടുകൾ രൂപപ്പെട്ടു. പിന്നീട് ഈ അണക്കെട്ടുകൾ തകർന്നപ്പോൾ വെള്ളവും ചെളിയും ഭീമൻ പാറകളും അതിശക്തമായി താഴേക്ക് കുതിച്ചിറങ്ങുകയായിരുന്നു.
ഇതാണ് താഴ്ന്ന പ്രദേശങ്ങളിലെ നാശത്തിന്റെ തീവ്രത ഗണ്യമായി വർധിപ്പിച്ചതെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

