കൊച്ചി നഗരത്തിൽ തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്ന കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കളമശ്ശേരി ഗ്ലാസ്സ് ഫാക്ടറി കോളനിയിൽ പെരിങ്ങോട്ടിൽ വീട്ടിൽ സാബുവിന്റെ മകൻ അഖിൽ സാബു (30) വിനെയാണ് പോലീസ് പിടികൂടി ജയിലിലടച്ചത്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറേറ്റ് പരിധിയിൽ കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെയുള്ള നിരവധി ഗൗരവമേറിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നിരന്തരമായി കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയും പ്രദേശത്തെ ക്രമസമാധാനനിലയ്ക്ക് കനത്ത ഭീഷണി ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് പ്രതിക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി പോലീസ് പ്രതിയെ പിടികൂടുകയും തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
പൊതുജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ വരും ദിവസങ്ങളിലും കർശന നിയമനടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

