ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി ഒരുക്കിയ ‘ദി വാക്സിൻ വാർ’ ബോക്സോഫീസിൽ കിതയ്ക്കുന്നു. സെപ്തംബര്‍ 28-ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ മൂന്നുകോടിയോളം രൂപ മാത്രമാണ് നേടിയത്. കോവിഡ് പോരാട്ടത്തിൽ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥയെന്ന വിശേഷണവുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ആദ്യ ദിനത്തിൽ 85 ലക്ഷം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിനങ്ങൾ 90 ലക്ഷവും മൂന്നാം ദിനം 1.50 കോടിയും ചിത്രം നേടിയെന്നാണ് വിവരങ്ങൾ. പങ്കജ് ത്രിപാഠിയുടെ ഫുക്രി 3, രാഘവ ലോറൻസിന്റെ ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളുമായാണ് ‘ദി വാക്സിൻ വാർ’ മത്സരിക്കുന്നത്. ഫുക്രി 3 ബോക്സോഫീസിൽ രണ്ട് ദിവസം കൊണ്ട് 16 കോടിയിലധികം നേടിയിടത്താണ് വാക്സിൻ വാർ മൂന്ന് ദിനങ്ങൾ കൊണ്ട് അഞ്ചുകോടി പോലും നേടാനാകാത്ത അവസ്ഥയിൽ നിൽക്കുന്നത്.
പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെൻ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവർ ചിത്രത്തിലുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളിൽ ചിത്രം പുറത്തിറങ്ങി. ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസും അഭിഷേക് അഗർവാളും ചേർന്ന് അഗർവാൾ ആർട്ടിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര് ഫയല്‍സി’ന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി വാക്സിൻ വാർ’. നിരൂപക ശ്രദ്ധ നേടിയ ‘ദി കശ്മിര് ഫയല്‍സി’ൽ അനുപം ഖേർ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]