കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകളിൽ സ്ഥാപിച്ചിരുന്ന സംഭാവന പെട്ടികൾ മോഷണം പോയി. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സി.എച്ച്.സെന്റർ വച്ച സംഭാവന പെട്ടികളാണ് തുടർച്ചയായ ദിവസങ്ങളിൽ നഷ്ടപ്പെട്ടത്.
സ്റ്റേഡിയം പരിസരത്തെ രണ്ട് മെഡിക്കൽ ഷോപ്പുകളിൽ രണ്ട് ദിവസത്തിനുള്ളിലാണ് കവർച്ച നടന്നത്. നേരത്തേ കൊയിലാണ്ടി തണൽ മെഡിക്കൽ ഷോപ്പിലും സമാന രീതിയിൽ മോഷണം അരങ്ങേറിയിരുന്നു.
ഏറ്റവും ഒടുവിലായി ന്യൂ സ്റ്റേഡിയം മെഡിക്കൽസിൽ നിന്നാണ് സി.എച്ച് സെന്ററിന്റെ സംഭാവന പെട്ടി കാണാതായത്. ജൂലൈ 31 നായിരുന്നു ഈ സംഭവം.
സ്ഥാപനത്തിൽ എത്തിയ വ്യക്തി വളരെ പതുക്കെ ചുറ്റുപാടുകൾ നിരീക്ഷിച്ച് ചാരിറ്റി ബോക്സുമായി കടന്നു കളയുന്ന ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് ജൂലൈ 28 ന് സ്റ്റേഡിയം കോംപ്ലക്സിൽ തന്നെയുള്ള സിറ്റി മെഡിക്കൽസിൽ നിന്നും സമാനമായ രീതിയിൽ ചാരിറ്റി ബോക്സ് മോഷ്ടിക്കപ്പെട്ടിരുന്നു.
വൈകുന്നേരം ഏഴിനും എട്ടിനും ഇടയിലാണ് രണ്ടിടങ്ങളിലും മോഷണം നടന്നത്. ചാരിറ്റി ബോക്സുകളായതിനാൽ കടക്കാരും പെട്ടെന്ന് ശ്രദ്ധിക്കാറില്ല.
മോഷണവിവരം തന്നെ അറിയുന്നത് ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞാണ്. അതിനാൽ കൂടുതൽ കടകളിൽ നിന്നും സംഭാവന പെട്ടി നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യതയുമുണ്ട്.
ദിവസങ്ങളുടെ വ്യത്യാസത്തിൽ ഒരേ കേന്ദ്രത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നടന്ന കവർച്ച പ്രദേശത്തെ വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഒരാൾ തന്നെയോ അതോ ഒരു സംഘമോ ഉണ്ടെന്ന സംശയത്തിലാണ് വ്യാപാരികൾ.
നിർധനരായ സാന്ത്വന പരിചരണ രോഗികൾക്ക് മരുന്നും സഹായവും എത്തിക്കാൻ പൊതുജനങ്ങൾ നൽകുന്ന തുകയാണ് ഈ രീതിയിൽ കവർച്ച ചെയ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

