നെട്ടൂർ പ്രദേശത്ത് റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ കവർച്ച ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. കടകളിൽ കയറാനായി ആളുകൾ നിർത്തുന്ന സ്കൂട്ടറുകളിൽ നിന്നും ഒരു പ്രത്യേക ശൈലിയിലാണ് മോഷണം നടക്കുന്നത്.
ആർക്കും സംശയം തോന്നാത്ത രീതിയിൽ മാന്യമായ വേഷം ധരിച്ചെത്തുന്ന ഇയാൾ, ബൈക്കിലെത്തി ഹെൽമറ്റ് പോലും മാറ്റാതെ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷം കിറ്റുകളുമായി കടന്നുകളയുന്നതാണ് പതിവ് രീതി. നെട്ടൂർ പരുത്തിച്ചുവട് ഭാഗത്തെ തുണിക്കടയ്ക്ക് മുന്നിലും മാടവനയിലെ സൂപ്പർമാർക്കറ്റിന് സമീപത്തും ഇയാളുടെ ദൃശ്യങ്ങൾ സിസിടിവികളിൽ പതിഞ്ഞിരുന്നു.
ഇതിനിടെ സമാനമായ രീതിയിൽ വീണ്ടും മോഷണം ആവർത്തിക്കപ്പെട്ടു. മുൻപ് മോഷണം നടന്ന പരുത്തിച്ചുവടിൽ തന്നെയാണ് ഇത്തവണയും സംഭവം ഉണ്ടായത്.
സ്റ്റാർ ബേക്കറിക്കടുത്തുള്ള പാത്രക്കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പലവ്യഞ്ജനങ്ങളും പാത്രങ്ങളുമടങ്ങിയ കിറ്റാണ് നഷ്ടപ്പെട്ടത്. പ്രതി സഞ്ചരിക്കുന്ന ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പറുമായി ബന്ധപ്പെട്ട
ഫോൺ നമ്പർ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പനങ്ങാട് ബണ്ട് റോഡ് ലാണ് ഇയാളുടെ വിലാസമുള്ളത്.
സാധനങ്ങൾ നഷ്ടപ്പെട്ടവർ ഈ വിലാസത്തിൽ എത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇയാളുടെ മോശം പെരുമാറ്റം കാരണം ഭാര്യയും പിതാവും വേറെയാണ് താമസമെന്ന വിവരമാണ് നാട്ടുകാർക്ക് ലഭിച്ചിരിക്കുന്നത്.
തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടും കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നു. പ്രതിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾ ഒരു ‘സൈക്കോ’ ആണെന്ന മറുപടിയാണ് പൊലീസിൽ നിന്ന് ലഭിച്ചതെന്നും നാട്ടുകാർ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ എത്രയും വേഗം ഇയാളെ പിടികൂടി വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്ത് വലിയ സുരക്ഷാ ഭീഷണിയായി മാറുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

