പ്രധാന സന്ദേശമയയ്ക്കൽ ആപ്ലിക്കേഷനായ ഗൂഗിൾ മെസേജസ് (Google Messages) ഉപയോക്താക്കൾ നേരിടുന്ന ചെറിയ അസൗകര്യങ്ങൾക്കും പരിമിതികൾക്കും പരിഹാരവുമായി പുതിയ ബീറ്റാ അപ്ഡേറ്റ് എത്തുന്നു. ആപ്പിൽ സന്ദേശങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്ന സുപ്രധാന മാറ്റങ്ങളാണ് ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ആപ്പിൽ ഒരു സന്ദേശത്തിൽ ദീർഘനേരം അമർത്തുമ്പോൾ (long-press) ഇമോജികളും മുകളിൽ ടൂൾബാറും ദൃശ്യമാകുന്ന രീതിയാണ് ഉള്ളത്. ഷെയർ ചെയ്യുക, ഫോർവേഡ് ചെയ്യുക തുടങ്ങിയ പ്രധാനപ്പെട്ട
ഓപ്ഷനുകൾക്കായി ഉപയോക്താക്കൾ മൂന്ന് ഡോട്ടുകളുള്ള മെനുവിനെ ആശ്രയിക്കേണ്ടി വരുന്നു. ഇത് ദൈനംദിന ഉപയോഗം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടായിരുന്നു.
വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ മറ്റ് ആപ്പുകളിൽ ഈ സൗകര്യങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാണെങ്കിലും ഗൂഗിൾ മെസേജസിൽ ഇത് വലിയൊരു പോരായ്മയായി നിലനിന്നിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി റിവൈംഡ് ലോംഗ്-പ്രസ് മെനുവാണ് (revamped long-press menu) ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം മുകളിലെ ടൂൾബാറും മറ്റ് സങ്കീർണ്ണമായ മെനുവുകളും ഒഴിവാക്കിയിട്ടുണ്ട്. പകരം മറുപടി നൽകുക, ഫോർവേഡ് ചെയ്യുക, കോപ്പി ചെയ്യുക, സ്റ്റാർ ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ എല്ലാ ഓപ്ഷനുകളും ഒറ്റ മെനുവിൽ ലഭ്യമാകും.
ഒപ്പം പശ്ചാത്തലത്തിൽ ഒരു ബ്ലർ എഫക്റ്റും നൽകി ആപ്പിന്റെ രൂപഭംഗി കൂട്ടിയിട്ടുണ്ട്. കൂടാതെ, സന്ദേശങ്ങളുടെ ഒരു ഭാഗം മാത്രം കോപ്പി ചെയ്യാനുള്ള സൗകര്യവും പുതിയ അപ്ഡേറ്റിലുണ്ട്.
നിലവിൽ മുഴുവൻ സന്ദേശവും ഒന്നിച്ച് കോപ്പി ചെയ്യാൻ മാത്രമാണ് ഗൂഗിൾ മെസേജസിൽ സാധിച്ചിരുന്നത്. ഈ പരിമിതിയാണ് പുതിയ ഫീച്ചറിലൂടെ ഒഴിവാകുന്നത്.
നിലവിൽ ഈ പുതിയ മാറ്റങ്ങൾ ബീറ്റാ വേർഷൻ ഉപയോഗിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്.
വരും ദിവസങ്ങളിൽ ഈ അപ്ഡേറ്റുകൾ സ്റ്റേബിൾ വേർഷനിലേക്കും കമ്പനി വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

