പാലക്കാട്–വാണിയമ്പാറ ദേശീയപാത 544ലെ സർവീസ് റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണൻ എംപി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവിധ പ്രതിസന്ധികളും നിർമാണ പുരോഗതിയും അദ്ദേഹം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കഴിഞ്ഞ മാസം ഒന്നിന് പാലക്കാട് കലക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്നും എംപി ശക്തമായി ആവശ്യപ്പെട്ടു.
ആലത്തൂർ സ്വാതി ജംക്ഷൻ മേൽപാലം, വാണിയമ്പാറ മേൽപാലം എന്നിവയുടെ നിർമാണം ഈ വർഷം ഡിസംബറിനകം പൂർത്തിയാക്കുക, വടക്കഞ്ചേരി മേൽപാലത്തിന്റെ കേടുപാടുകൾ തീർക്കുന്ന പ്രവൃത്തികൾ 15 ദിവസത്തിനകം തീർക്കുക, മംഗലം പാലം, പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള ഭാഗങ്ങൾ, കുഴൽമന്ദം, തേനിടുക്ക് എന്നിവിടങ്ങളിലെ സർവീസ് റോഡ് നിർമാണം എത്രയും വേഗം യാഥാർത്ഥ്യമാക്കുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. കൂടാതെ, പതിവായി അപകടങ്ങൾ സംഭവിക്കുന്ന അഞ്ചു മൂർത്തി മംഗലം ഭാഗത്ത് അടിയന്തരമായി ബസ് ബേയും ബസ് സ്റ്റോപ്പും നിർമിക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളിൽ ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു.
വിഷയത്തിൽ അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്നും, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി കെ.രാധാകൃഷ്ണൻ എംപി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

