ഉണർന്നു കഴിഞ്ഞുള്ള ആദ്യത്തെ മൂന്ന് മണിക്കൂറുകൾ നമ്മുടെ ആ ദിവസത്തെ മുഴുവൻ മാനസികാവസ്ഥയെയും ഊർജത്തെയും നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, ഉറക്കമുണർന്നയുടൻ ഫോണെടുത്ത് പോൺ തിരയുന്നതും ഇൻ്റർനെറ്റ് ഓൺ ചെയ്ത് സോഷ്യൽ മീഡിയയിലൂടെ വെറുതെ സ്ക്രോൾ ചെയ്ത് സമയം കളയുന്നതുമായ പ്രവണത പലരിലും കണ്ടുവരുന്നുണ്ട്.
നമ്മുടെ തലച്ചോറിന് നൽകുന്ന ഒരുതരം ജങ്ക് ഫുഡിന് തുല്യമാണ് ഈ ശീലമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് ജങ്ക് ഫുഡ് എത്രത്തോളം ദോഷം ചെയ്യുമോ, അത്രത്തോളം അപകടകരമാണ് രാവിലെയുള്ള ഈ സ്ക്രോളിംഗ് ശീലം.
കോർട്ടിസോൾ ഹോർമോൺ വർധിക്കുന്നു
പുതുദിവസത്തിന്റെ തുടക്കത്തിൽ മനസ്സിന് ലഭിക്കേണ്ട ശാന്തതയ്ക്ക് പകരം ഡിജിറ്റൽ ശബ്ദകോലാഹലങ്ങളും അനാവശ്യ താരതമ്യങ്ങളും ദോഷകരമായ വാർത്തകളുമാണ് ഫോണിലൂടെ നമ്മിലേക്ക് എത്തുന്നത്.
ഇത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുത്തനെ ഉയരാൻ ഇടയാക്കും. ഏകാഗ്രതയെ ബാധിക്കുന്നു
രാവിലെ ഫോൺ ഉപയോഗിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന ഉയർന്ന തരംഗത്തിലുള്ള പ്രവർത്തനങ്ങൾ രാവിലെ ലഭിക്കേണ്ട
സ്വാഭാവികമായ പ്രശാന്തതയെ പൂർണ്ണമായി തകർക്കുന്നു. ഇത് പിന്നീട് നിങ്ങളുടെ ജോലികളിലെ ഏകാഗ്രതയെ ഇഞ്ചിഞ്ചായി നശിപ്പിക്കാൻ കാരണമാകും.
പ്രവർത്തനക്ഷമത കുറയുന്നു
രാവിലെ ഉണർന്ന ഉടൻ തന്നെ നിങ്ങളുടെ പ്രധാനപ്പെട്ട ദിവസം നിങ്ങൾ ജീവിച്ചു തുടങ്ങേണ്ടതുണ്ട്.
എന്നാൽ ആദ്യത്തെ അരമണിക്കൂറോ ഒരു മണിക്കൂറോ ഫോണിൽ ചെലവഴിക്കുന്നതിലൂടെ അന്നത്തെ ദിവസത്തെ ഊർജമാണ് നഷ്ടപ്പെടുന്നത്. ഇത് നിങ്ങളുടെ പ്രധാനപ്പെട്ട
ദൈനംദിന കാര്യങ്ങൾ പിന്നീട് ചെയ്യാം എന്ന് മാറ്റി വെക്കാൻ തോന്നിപ്പിക്കുകയും, ഒടുവിൽ അത് നിങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമതയെയും പ്രൊഡക്റ്റിവിറ്റിയെയും സാരമായി ബാധിക്കുകയും ചെയ്യും. ഓർമ്മശക്തിയെ തകർക്കുന്നു
ചെറിയ കുട്ടികൾക്ക് ഉൾപ്പെടെ ഉറക്കമുണർന്നയുടൻ ഫോൺ നൽകുന്നത് അവരുടെ ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ദീർഘകാലാടിസ്ഥാനത്തിൽ ഈ ശീലം തുടരുന്നത് ഓർമ്മശക്തിക്ക് വലിയൊരു ഭീഷണിയാണ്. ബീറ്റാ തരംഗങ്ങളുടെ ആഘാതം
വളരെ പതുക്കെ പ്രവർത്തിക്കുന്നതും ഉറക്കത്തോടനുബന്ധിച്ചുള്ളതുമായ അവസ്ഥകളിലാണ് ഡെൽറ്റ ബ്രെയിൻ വേവ്സ് ഉണ്ടാകുന്നത്.
എന്നാൽ പ്രഭാതങ്ങളിൽ ഊർജവും ഉണർവും ശാന്തതയും പ്രദാനം ചെയ്യുന്നത് ആൽഫാ ബ്രെയിൻ വേവ്സ് ആണ്. അതേസമയം, നാം ജാഗരൂകരായിരിക്കണം എന്ന് തോന്നുമ്പോഴാണ് ബീറ്റാ ബ്രെയിൻ വേവ്സ് ഉണ്ടാകുന്നത്.
രാവിലെ തന്നെ ഫോണിൽ നോക്കി സമയം കളയുമ്പോൾ ഈ ബീറ്റാ തരംഗങ്ങൾ ഉണ്ടാകുന്നത് നിങ്ങളെ ആ ദിവസം മുഴുവൻ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. പകരം എന്ത് ചെയ്യാം?
ഉറക്കമുണർന്ന ഉടൻ ലഭിക്കുന്ന ഈ സമയം ലഘുവായ വ്യായാമങ്ങൾക്കോ ധ്യാനത്തിനോ വേണ്ടി മാറ്റിവെക്കുന്നത് വളരെ മികച്ചൊരു ശീലമാണ്.
ഇവ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഈ സമയം പുസ്തക വായനയ്ക്കോ ഡയറി എഴുതാനോ ഉപയോഗിക്കാവുന്നതാണ്. കൂടാതെ പ്രാർത്ഥനകളിൽ താൽപ്പര്യമുള്ളവർക്ക് ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുകയോ അല്ലെങ്കിൽ വെറുമൊരു പ്രഭാത സവാരിക്ക് പോകുകയോ ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

