പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7നോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകർ വിപുലമായ രക്തദാന ക്യാംപുകൾ സംഘടിപ്പിക്കുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷനൽ (എംഎഫ്എഐ) മുൻകൈയെടുത്ത് 17 രാജ്യങ്ങളിലായി 40,000 പേർ രക്തദാനം നടത്തുക എന്നതാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യം.
ആരാധകർക്ക് പുറമെ കോളജ് വിദ്യാർഥികൾ, കോർപറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, സന്നദ്ധസംഘടനാ പ്രവർത്തകർ, സാംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവരും ഈ ഉദ്യമത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎഫ്എഐ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ വ്യക്തമാക്കുകയുണ്ടായി.
മുൻ വർഷങ്ങളിൽ 25,000 പേർ രക്തദാനത്തിൽ പങ്കാളികളായിരുന്നു. ഇത്തവണ പ്രമുഖരായ നിരവധി വ്യക്തികളും ക്യാംപുകളിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തദാന ക്യാംപുകൾക്ക് പുറമെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ അനാഥാലയങ്ങളിൽ അന്നദാനം, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ, പരിസര ശുചീകരണ പരിപാടികൾ തുടങ്ങിയ നൂറുകണക്കിന് ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കാൻ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ കേരള ഘടകം തയാറെടുക്കുകയാണ്.
സംസ്ഥാനത്തുടനീളം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലൻ പീറ്റർ പത്തനംതിട്ടയിൽ അറിയിച്ചു. പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 917034634369 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

