ഹരിയാനയിലെ സോനിപ്പത്ത് ജില്ലയിൽ കുടുംബബന്ധങ്ങളിലെ ദൗർബല്യങ്ങളും പ്രായമായവർ നേരിടുന്ന അവഗണനയും ചൂണ്ടിക്കാണിക്കുന്ന അപൂർവ്വവും ദുഃഖകരവുമായ സംഭവം പുറത്തുവന്നു. വൃദ്ധസദനത്തിൽ വച്ച് അന്തരിച്ച പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ തയ്യാറാകാതെ മക്കൾ വീഡിയോ കോളിലൂടെ ചടങ്ങുകൾ വീക്ഷിക്കുകയാണുണ്ടായത്.
മുംബൈ സ്വദേശിയായ ശിവ്ചരൺ റാം റതൻ ഗുപ്ത എന്ന ടെക്സ്റ്റൈൽ വ്യാപാരിയുടെ സംസ്കാര ചടങ്ങിലാണ് മക്കളുടെ ഈ വിചിത്രമായ സമീപനം. സോനിപത്തിലെ വെസ്റ്റ് റാം നഗറിൽ സമാജ് കല്യാൺ ശിക്ഷാ സമിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലായിരുന്നു ശിവ്ചരൺ റാം റതൻ ഗുപ്ത താമസിച്ചിരുന്നത്.
ഭാര്യ മീനയ്ക്കൊപ്പം ഒന്നര വർഷം മുൻപാണ് അദ്ദേഹം ഇവിടെയെത്തിയത്. എന്നാൽ മീന നേരത്തെ മരണപ്പെട്ടിരുന്നു.
മുംബൈ, ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിലായാണ് ഇവരുടെ മക്കൾ താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് ശിവ്ചരൺ റാം റതൻ ഗുപ്ത അന്തരിച്ചത്.
തുടർന്ന് വൃദ്ധസദനത്തിന്റെ നടത്തിപ്പുകാർ അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളേയും വിവരം അറിയിച്ചെങ്കിലും സോനിപ്പത്തിലേക്ക് എത്താൻ സാധിക്കില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇതിനുപകരം സംസ്കാര ചടങ്ങുകൾ വീഡിയോ കോളിലൂടെ ലൈവായി കാണാൻ ഇവർ താൽപ്പര്യപ്പെടുകയായിരുന്നു.
മാത്രമല്ല, അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നതിനായി 5100 രൂപ മക്കൾ ഓൺലൈനായി അയച്ചുനൽകുകയും ചെയ്തു. ശിവ്ചരൺ റാം റതൻ ഗുപ്ത രോഗബാധിതനായതിനുശേഷം മക്കൾ അദ്ദേഹത്തെ ഫോണിൽ വിളിക്കാൻ പോലും തയ്യാറായിരുന്നില്ലെന്ന് വൃദ്ധസദനത്തിലെ ജീവനക്കാർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് 20 ദിവസങ്ങൾക്ക് മുൻപ് തന്നെ മൂന്ന് പുത്രിമാരെയും ഔദ്യോഗികമായി അറിയിച്ചിരുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. നേപ്പാളിൽ അധ്യാപികയായി ജോലി ചെയ്യുന്ന മകളാണ് സംസ്കാര ചടച്ചുകൾക്കായി 5100 രൂപ അയച്ചുനൽകിയത്.
സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം അതിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങൾക്ക് അയച്ചുതരണമെന്നും മക്കൾ ആവശ്യപ്പെട്ടതായി വൃദ്ധസദനത്തിന്റെ നടത്തിപ്പുകാർ വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

