കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുതിയ പദ്ധതിക്ക് തുടക്കമാകുന്നു. AI-ERA (Ernakulam Revolutionising Administration) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, കേരളത്തിലെ ആദ്യ എഐ സാക്ഷര സർക്കാർ ജില്ല എന്ന ലക്ഷ്യമാണ് മുൻനിർത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കാക്കനാട് ഇൻഫോപാർക്കിലെ പാർക്ക് സെന്റർ ഹാളിൽ വെച്ച് നടക്കും. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.
ജോൺ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ പ്രിയങ്ക ജി, വിവിധ വകുപ്പു മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് ഐ.ടി.
മിഷൻ പ്രതിനിധികൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരിക്കും.
സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച അടിസ്ഥാന അറിവുകളും പ്രായോഗിക വൈദഗ്ധ്യവും വളർത്തുക എന്നതാണ് AI-ERA (Ernakulam Revolutionising Administration) പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഭരണനിർവഹണ മേഖലയിൽ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരവും സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പൊതുസേവനങ്ങൾ കൂടുതൽ വേഗത്തിലും മികച്ച ഗുണമേന്മയോടെയും ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ പ്രത്യേകമായി ഒരു AI Studio സജ്ജീകരിക്കും. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി വർഷം മുഴുവനും അടിസ്ഥാന തലം മുതൽ അത്യാധുനിക AI ടൂളുകൾ വരെയുള്ള പരിശീലനങ്ങൾ ഇവിടെ നൽകും.
പ്രോംപ്റ്റ് എൻജിനീയറിംഗ്, ഡാറ്റാ വിശകലനം, സൈബർ സുരക്ഷ, ഭരണതലത്തിലുള്ള എ ഐ യുടെ പ്രായോഗിക ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇവിടെ പരിശീലനം ലഭിക്കും. ഭരണസംവിധാനത്തെ പൂർണ്ണമായും എ ഐ അധിഷ്ഠിതമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ പദ്ധതി.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ ജനകീയ ഭരണസംവിധാനം യാഥാർത്ഥ്യമാക്കി എറണാകുളം ജില്ലയെ സംസ്ഥാനത്തിന് മാതൃകയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

