കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യപ്പെട്ട ‘ബയ് മീ എ കോഫി’ (Buy Me a Coffee) എന്ന ആഗോള ടെക് പ്ലാറ്റ്ഫോമിനെ കേവലം ഒരു ‘കാപ്പിക്കട’യായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
സാങ്കേതിക രംഗത്ത് ആഗോള ശ്രദ്ധ നേടിയ ഒരു പ്രമുഖ ക്രൗഡ് ഫണ്ടിങ് സ്റ്റാർട്ടപ്പിനെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് പ്രചരിക്കുന്നത്. വി.ഡി.സതീശൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.
യുഎസിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ആഗോള പ്ലാറ്റ്ഫോമിന് പിന്നിൽ പ്രവർത്തിക്കുന്നത് കോഴിക്കോട് കക്കോടി സ്വദേശികളായ ജിജോ, ജോസഫ് എന്നീ മലയാളി ചെറുപ്പക്കാരാണ്. എഴുത്തുകാർ, കലാകാരന്മാർ, ഡെവലപ്പർമാർ, പോഡ്കാസ്റ്റർമാർ തുടങ്ങിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് തങ്ങളുടെ ആരാധകരുമായി സമ്പർക്കം പുലർത്താനും സാമ്പത്തിക പിന്തുണ കണ്ടെത്താനും അവസരമൊരുക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോമാണിത്.
ആഗോളതലത്തിൽ ഏകദേശം 400 കോടി രൂപയുടെ ബിസിനസ് കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണിത്. പ്രമുഖ ഫിൻടെക് ഭീമനായ സ്ട്രൈപ്പ് (Stripe) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപം നേടിയിട്ടുള്ള കമ്പനി, ലോക പ്രശസ്ത ടെക് ആക്സിലറേറ്ററായ ‘വൈ കോംബിനേറ്ററിലേക്ക്’ (Y Combinator) തിരഞ്ഞെടുക്കപ്പെട്ട
ആദ്യ മലയാളി സ്റ്റാർട്ടപ്പ് കൂടിയാണ്. വിഷയത്തിൽ വിശദീകരണവുമായി ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം ജോസഫ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് താഴെ നൽകുന്നു:
“നമ്മുടെ മുഖ്യമന്ത്രി വി.ഡി.സതീശന് കഴിഞ്ഞദിവസം കോഴിക്കോട് ‘Buy Me a Coffee’ എന്ന സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് വലിയ വിവാദമായിരിക്കുകയാണല്ലോ. പ്രളയത്തിനിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ‘കാപ്പിക്കട’ ഉദ്ഘാടനം ചെയ്യാന്‍ പോയി എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും പരിഹാസങ്ങളും കണ്ടപ്പോള്‍ എനിക്ക് ശരിക്കും അദ്ഭുതം തോന്നി.
പറയുന്ന വിഷയം എന്താണെന്ന് ചുരുങ്ങിയത് ഒന്ന് ‘ഗൂഗിള്‍’ ചെയ്തു നോക്കാനുള്ള ഒരു സൗമനസ്യം എങ്കിലും നമ്മുടെ ഉത്തരവാദിത്തപ്പെട്ട
മാധ്യമങ്ങള്‍ കാണിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകരെയാകെ അപമാനിക്കുന്ന രീതിയിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്.
യഥാര്‍ഥത്തില്‍ എന്താണ് ‘Buy Me a Coffee’?
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ആരാധകരുമായി കണക്ട് ചെയ്യാനും വരുമാനം കണ്ടെത്താനും സാധിക്കുന്ന യുഎസിലെ സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട
ആഗോള ഗ്ലോബല്‍ പ്ലാറ്റ്ഫോമാണിത്.
കോഴിക്കോട് ജില്ലയിലെ കക്കോടി സ്വദേശികളായ ജിജോ, ജോസഫ് എന്നീ രണ്ട് മലയാളി ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. സാന്‍ ഫ്രാന്‍സിസ്കോയിലെ ലോകപ്രശസ്ത ടെക് ആക്സിലറേറ്ററായ ‘Y Combinator’ലേക്ക് പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍.
കേരളത്തില്‍ നിന്ന് ആദ്യമായി Y Combinator-ല്‍ ഇടംപിടിച്ച സ്റ്റാര്‍ട്ടപ്പ് എന്ന ചരിത്ര നേട്ടവും ഇവര്‍ക്കുണ്ട്.
ആഗോളതലത്തില്‍ ഏകദേശം 400 കോടിയിലധികം രൂപയുടെ ബിസിനസ് നടക്കുന്ന പ്ലാറ്റ്ഫോം. ആഗോള ഫിന്‍ടെക് ഭീമന്മാരായ Stripe ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍ സംരംഭം.
ഈ വര്‍ഷം ആദ്യം ജെയിന് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘Summit of the Future’ല്‍ വച്ച് ഈ മിടുക്കരായ ചെറുപ്പക്കാരുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
ഇത്രയും വലിയൊരു ഗ്ലോബല്‍ പ്ലാറ്റ്ഫോമിന്റെ ബാക്ക്-എന്‍ഡ് ഓഫീസ് രാജ്യത്ത് എവിടെ വേണമെങ്കിലും അവര്‍ക്ക് തുടങ്ങാമായിരുന്നു. എന്നാല്‍, സ്വന്തം നാടായ കോഴിക്കോട് തന്നെ അത് സ്ഥാപിക്കാന്‍ അവര്‍ തീരുമാനിച്ചുവെന്നത് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന കാര്യമാണ്.
ഇതിനെയാണ് ഒരു കാപ്പിക്കടയെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് (കാപ്പിക്കട ഒരു മോശം കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല).
ഈ മുന്‍കൂട്ടി നിശ്ചയിച്ച ചടങ്ങിലേക്കാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എത്തിയത്.
പ്രകൃതിദുരന്തങ്ങളോ പ്രളയമോ ഉണ്ടാകും എന്ന് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടല്ല ഇത്തരം ചടങ്ങുകള്‍ നിശ്ചയിക്കുന്നത്. ദുരന്തമുഖത്ത് നില്ക്കുമ്പോള് അവിടങ്ങളില്‍ മറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനിടയില് ഇത്തരം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു ടെക് സംരംഭത്തിന് പിന്തുണ നല്കാന് മുഖ്യമന്ത്രി നേരിട്ടെത്തണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്.
എന്നാല്‍, ആഗോളതലത്തില്‍ കേരളത്തിന്റെ പേര് ഉയര്‍ത്തിയ ഒരു പ്ലാറ്റ്ഫോമിനെ കേവലം ഒരു ‘കാപ്പിക്കട’ എന്ന് വിശേഷിപ്പിച്ച് അക്ഷേപിക്കുന്നത് നമ്മുടെ നാടിന്റെ സ്റ്റാര്‍ട്ടപ്പ് സംസ്കാരത്തെയും അതിനായി പ്രയത്നിക്കുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസത്തെയുമാണ് തകര്‍ക്കുന്നത്.
ഇനി കാപ്പിയുടെ പേരുപറഞ്ഞ് വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ഓര്‍ക്കുക: ‘Buy Me a Coffee’ ഒരു കാപ്പിക്കടയല്ല, മലയാളി ചെറുപ്പക്കാര്‍ ലോകത്തിന് മുന്നില്‍ തീര്‍ത്ത വന്‍ സാങ്കേതിക വിപ്ലവമാണ്.
സംസ്ഥാനത്തിന് തന്നെ അഭിമാനകരമായ ഇത്തരം സംരംഭങ്ങളെ കേരളത്തിന്റെ മുഖ്യമന്ത്രി അല്ലാതെ പിന്നെയാരാണ് പ്രോത്സാഹിപ്പിക്കേണ്ടത്?”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

