മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിൽ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
കേസിൽ ഗീതാനന്ദനു പുറമേ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവർക്ക് കൽപറ്റ സെഷൻസ് കോടതി വിധിച്ച 5 വർഷം കഠിനതടവിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിചാരണക്കോടതിയുടെ ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
2003 ജനുവരി 5നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോത്രമഹാസഭ പ്രവർത്തകർ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ അതിക്രമിച്ചു കയറി തകരപ്പാടിയിലും അമ്പുകുത്തിയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും കുടിലുകൾ കെട്ടി കൃഷി ആരംഭിക്കുകയും ചെയ്തു എന്നാണ് കേസ്.
തുടർന്ന് 2003 ഫെബ്രുവരി 19ന് കുണ്ടൻവയലിൽ ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തുകയും ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ഈ അക്രമത്തിൽ വിനോദ്, അബ്ദുൾ സലാം എന്നീ പൊലീസ് ഉദ്യോഗസ്ഥരെയും ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും തടഞ്ഞുവച്ച് മർദിക്കുകയും തുടർന്നുള്ള സംഘർഷത്തിൽ വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.
സെഷൻസ് കോടതി കൊലപാതക കുറ്റത്തിൽ നിന്ന് ഹർജിക്കാരെ ഒഴിവാക്കിയെങ്കിലും അക്രമം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം 5 വർഷം തടവും 36,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ കേസിൽ ഗൂഢാലോചന പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ മറ്റ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചത് നിയമപരമായി നിലനിൽക്കില്ല. കൊലപാതകം, കവർച്ച എന്നീ പ്രധാന കുറ്റങ്ങളിൽ നിന്നും ഹർജിക്കാരെ ഒഴിവാക്കാൻ വിചാരണക്കോടതി സ്വീകരിച്ച അതേ മാനദണ്ഡം തന്നെ മറ്റ് കുറ്റങ്ങളുടെ കാര്യത്തിലും ബാധകമാക്കേണ്ടതായിരുന്നു എന്ന് അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്.
കേസിലെ പ്രധാന തെളിവുകളായി ഹാജരാക്കിയ വിഡിയോ കാസറ്റുകൾ കോടതിയിൽ തൊണ്ടിയായി മാത്രമാണ് പരിഗണിച്ചത്. ഇതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തങ്ങൾക്ക് ലഭിക്കാതിരുന്നത് കേസ് ശരിയായി വാദിക്കുന്നതിന് തടസ്സമായെന്നും ഹർജിയിൽ പറയുന്നു.
മാത്രമല്ല, പ്രധാന സാക്ഷിയായ ശശിധരന്റെ മുൻ മൊഴിയും കോടതിയിലെ സാക്ഷിമൊഴിയും പരസ്പരവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഗീതാനന്ദനെ സംഭവസ്ഥലത്ത് കണ്ടതായി കേസിന്റെ ആദ്യഘട്ടത്തിൽ നൽകിയ മൊഴികളിൽ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ല.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് സമർഥിക്കുന്ന രേഖകളോ തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. മുത്തങ്ങയിൽ പൊലീസ് നടത്തിയ വെടിവയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.
രണ്ടാം പ്രതിയായ അശോകന്റെ വെട്ടേറ്റാണ് പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയ കോടതി ബാക്കിയുള്ളവരെ വെറുതെ വിടുകയായിരുന്നു. അശോകൻ മരിച്ചു പോയതിനാൽ കോടതി ശിക്ഷ വിധിച്ചില്ല.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇനി അവശേഷിക്കുന്നത് മുത്തങ്ങയിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ളതും 27 പേരെ തടഞ്ഞുവച്ചതുമടക്കം 2 കേസുകളാണ്. ഈ കേസുകളിൽ സി.കെ.ജാനുവാണ് ഒന്നാം പ്രതി.
വനംവകുപ്പുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിലുണ്ടായിരുന്ന മറ്റു കേസുളെല്ലാം തള്ളിപ്പോയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

