മുണ്ടക്കയം മലമുകളിൽ വനാതിർത്തിയിൽ തീർത്ത കിടങ്ങിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ മൂന്നാൾ താഴ്ചയിൽ വെള്ളം കെട്ടിക്കിടക്കുന്നതു താഴ്വാരത്തുള്ള പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ പാക്കാനം ഇഞ്ചക്കുഴിയിലാണ് ഈ ഗുരുതര സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി വാര്യാട്ട് കോളനി മുതൽ ഇഞ്ചക്കുഴി വരെയാണ് ഈ കിടങ്ങ് നിർമിച്ചത്. ഗ്രാമപ്രദേശത്തിന് മുകളിലായി കുന്നിൻചരിവിലുള്ള ഈ കിടങ്ങിൽ ലക്ഷക്കണക്കിന് ലീറ്റർ മഴവെള്ളമാണ് തടഞ്ഞുനിൽക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കിടങ്ങ് നിറഞ്ഞൊഴുകിയതായി മുൻ പഞ്ചായത്തംഗം ജോമോൻ വാഴപ്പനാടി വ്യക്തമാക്കി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒരിഞ്ച് വലുപ്പമുള്ള പൈപ്പ് സ്ഥാപിച്ച് വെള്ളം താഴേക്ക് ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്.
എന്നാൽ, പൈപ്പിലൂടെ പുറത്തേക്ക് പോകുന്നതിനെക്കാൾ വലിയ ശക്തിയിലാണ് ഉറവവെള്ളം ഇപ്പോൾ കിടങ്ങിലേക്ക് ഒഴുകിയെത്തുന്നതെന്ന് നാട്ടുകാരനായ പാറയ്ക്കൽ വിശ്വംഭരൻ പറഞ്ഞു. കിടങ്ങ് നിർമിക്കുന്നതിനായി പൊട്ടിച്ചുമാറ്റിയ കൂറ്റൻ പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ മലയുടെ മുകളിൽ തന്നെയുണ്ട്.
വെള്ളം കെട്ടിക്കിടക്കുന്ന ഈ കിടങ്ങ് ഏതെങ്കിലും കാരണത്താൽ തകർന്നുവീണാൽ അത് വലിയൊരു ദുരന്തത്തിന് കാരണമാകുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ. ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത് നാട്ടുകാരനായ ചാലുപറമ്പിൽ രാജപ്പൻ കൂടിയാണ്.
വീടൊഴിയേണ്ടി വരുന്ന ദുസ്ഥിതി കിടങ്ങിനു 400 മീറ്റർ താഴെയായി താമസിക്കുന്ന കുന്നപ്പള്ളി ജോസഫും മറിയാമ്മയും സുരക്ഷ മുൻനിർത്തി ദിവസങ്ങളായി ബന്ധുവീട്ടിലാണ് താമസം. കിടങ്ങിലെ വെള്ളം കരകവിഞ്ഞൊഴുകിയാൽ പ്രദേശത്തെ മുഴുവൻ വീടുകളും തകർന്നു തരിപ്പണമാകുമെന്ന സ്ഥിതിയാണുള്ളത്.
അതിനാൽ ശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ മറ്റു കുടുംബങ്ങളും വീടുകൾ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിപ്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കിടങ്ങിൽ കെട്ടിക്കിടക്കുന്ന വെള്ളം വലിയ പൈപ്പുകൾ സ്ഥാപിച്ച് എത്രയും പെട്ടെന്ന് സുരക്ഷിതമായി പുറത്തേക്ക് ഒഴുക്കിവിടാനുള്ള ശാശ്വത നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഈ ഭീതിക്ക് പരിഹാരമാകൂ എന്ന് നാട്ടുകാരനായ പുളിക്കൽ ജോസ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

