തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ നിന്ന് തലത്തൂതക്കാവ് ഗവ.ട്രൈബൽ എൽപിഎസിനെ സംരക്ഷിക്കുന്നതിനായി വനം വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിട്ടു. സ്കൂളിന് ചുറ്റും ഹാങ്ങിങ് സോളർ ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പല തവണകളായി സ്കൂളിന്റെ ചുറ്റുമതിൽ കാട്ടാനകൾ തകർത്തിരുന്നു. ഇത് പുനർനിർമിക്കുന്നത് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് വനം വകുപ്പ് ഹാങ്ങിങ് ഫെൻസിങ് എന്ന ആശയത്തിലേക്ക് തിരിഞ്ഞത്.
കാട്ടാനക്കൂട്ടം തകർത്ത ചുറ്റുമതിൽ പൂർവസ്ഥിതിയിലാക്കിയ ശേഷമാകും ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടപ്പിലാക്കുക. സ്കൂൾ പരിധിക്ക് ചുറ്റും ബലമേറിയ വലിയ പോസ്റ്റുകൾ സ്ഥാപിച്ച് അതിൽ ഫെൻസിങ് ഹാങ് ചെയ്തുനിർത്തുന്ന രീതിയാണ് ഇതിനായി അവലംബിക്കുന്നത്.
ഇതിന്റെ താഴെയായി ചെറിയ ഉയരത്തിൽ വൈദ്യുതി വേലികളും സജ്ജമാക്കും. എല്ലാ ദിവസവും വൈകുന്നേരം സ്കൂൾ പ്രവർത്തി സമയം അവസാനിച്ച ശേഷം ഫെൻസിങ്ങിൽ വൈദ്യുതി പ്രവഹിപ്പിക്കുകയും, പിറ്റേന്ന് സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പ് ഇത് ഓഫ് ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സ്കൂളിനോട് ചേർന്ന് തന്നെ പ്രത്യേക ഓപ്പറേറ്റിങ് യൂണിറ്റും സജ്ജീകരിക്കും. പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തിങ്കളാഴ്ച ബന്ധപ്പെട്ട
അധികാരികൾക്ക് സമർപ്പിക്കും. തുടർന്ന് ഭരണാനുമതി ലഭ്യമാക്കി രണ്ടു മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പാലോട് റേഞ്ച് ഓഫിസർ എസ്.ശ്രീജു വ്യക്തമാക്കി.
കുട്ടികൾക്ക് യാതൊരുവിധ ആശങ്കയുമില്ലാതെ വിദ്യാലയത്തിൽ എത്തി പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികൾ വനം മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്കൂൾ സന്ദർശിച്ചിരുന്നു.
തുടർനടപടികളുടെ ഭാഗമായി വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു ആനപ്പാറ, വാർഡ് അംഗം എസ്.എസ്.മഞ്ജു എന്നിവർ സ്കൂളിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

