അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പുതിയ പണനയം റിസർവ് ബാങ്ക് പുറത്തിറക്കി. ഇതിലൂടെ ഭവന, വാഹന, വ്യക്തിഗത ബാങ്ക് വായ്പകളുടെ പലിശനിരക്ക് തൽസ്ഥിതി തുടരും.
നിലവിലെ ‘ന്യൂട്രൽ’ നിലപാട് തുടരാനാണ് പണനയ നിർണയ സമിതി (എംപിസി) തീരുമാനിച്ചിട്ടുള്ളതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധി വിതരണശൃംഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര സമ്പദ്മേഖല മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
മാനുഫാക്ചറിങ് മേഖലയും കോർപ്പറേറ്റ് പ്രവർത്തനഫലങ്ങളും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. സ്വകാര്യ നിക്ഷേപം, ഉപഭോക്തൃ ചെലവാക്കലുകൾ, ആഭ്യന്തര ഉപഭോഗം, ഉൽപന്ന-സേവന കയറ്റുമതി എന്നിവയും മെച്ചപ്പെട്ടിട്ടുണ്ട്.
ഇത് ഏപ്രിൽ-ജൂൺ കാലയളവിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച കൈവരിക്കാൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സഹായിച്ചു. ഇറക്കുമതിച്ചെലവ് വർധിക്കുന്നത് മാനുഫാക്ചറിങ് മേഖലയ്ക്ക് സമ്മർദമുണ്ടാക്കുന്നുണ്ടെങ്കിലും വായ്പാവളർച്ചയും അടിസ്ഥാനസൗകര്യ മേഖലയിൽ സർക്കാരിന്റെ ഉയർന്ന മൂലധനച്ചെലവും വലിയ കരുത്തായി മാറുന്നുണ്ട്.
നടപ്പുവർഷത്തെ ജിഡിപി വളർച്ചാ പ്രതീക്ഷ റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ 6.6% വളർച്ചയാണ് പ്രവചിച്ചിരുന്നതെങ്കിൽ, നിലവിലിത് 6.7 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
പണപ്പെരുപ്പം കുറയുമെന്നും വിലക്കയറ്റം ജനങ്ങളെ വലയ്ക്കില്ലെന്നും വിലയിരുത്തിയ ആർബിഐ, നടപ്പുവർഷത്തെ പണപ്പെരുപ്പ അനുമാനം ഇക്കുറി വെട്ടിക്കുറച്ചിട്ടുമുണ്ട്. പലിശഭാരം കൂടാനുള്ള സാധ്യത ഇതോടെ ഇല്ലാതാകുന്നത് സാധാരണക്കാർക്കും ബിസിനസ് ലോകത്തിനും ഒരുപോലെ വലിയ നേട്ടമായി മാറും.
ഇതിനുപുറമെ, നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാമത്തെ പണനയ പ്രഖ്യാപനത്തിന്റെ മുന്നോടിയായി ക്രൂഡോയിൽ വിലയിലെ മാറ്റങ്ങളും വൈദേശിക വെല്ലുവിളികളും സാമ്പത്തിക രംഗത്ത് ചർച്ചയായിരുന്നു. ജൂണിലെ യോഗത്തിൽ ഇന്ത്യയുടെ നടപ്പുവർഷത്തെ ജിഡിപി വളർച്ചാപ്രതീക്ഷ 6.6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു.
ഏപ്രിൽ-ജൂണിൽ 6.6%, ജൂലൈ-സെപ്റ്റംബറിൽ 6.3%, ഒക്ടോബർ-ഡിസംബറിൽ 6.5%, ജനുവരി-മാർച്ചിൽ 6.8% എന്നിങ്ങനെ വളരുമെന്നായിരുന്നു മുൻ അനുമാനം. റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിൽ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ തുടരുകയാണ്.
എഫ്സിഎൻആർ (ബി) അക്കൗണ്ടുകൾക്ക് ഉൾപ്പെടെ നൽകിയ ഇളവുകൾ രൂപയുടെ തളർച്ച തടയാൻ സഹായിച്ചിട്ടുണ്ട്. രൂപയുടെ നില മെച്ചപ്പെട്ടതും ക്രൂഡോയിൽ വില താഴ്ന്നതും റിസർവ് ബാങ്കിന് അനുകൂലമായ ഘടകങ്ങളായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

