വിയറ്റ്നാമിൽ ആശുപത്രിയിലേക്ക് യാത്രാമധ്യേ സ്കൂട്ടിയിൽ വെച്ച് ഗർഭിണിയായ യുവതി കുഞ്ഞിന് ജന്മം നൽകിയ സംഭവം നവമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യുവതിയുടെയും ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെയും സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ, ഈ നിർണായക ഘട്ടത്തിൽ കൂടുതൽ സൗകര്യപ്രദമായ വാഹനം ഉപയോഗിക്കുന്നതിന് പകരം സ്കൂട്ടി തിരഞ്ഞെടുത്തതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഓഗസ്റ്റ് 3-നാണ് സംഭവം നടക്കുന്നത്. 25-കാരിയായ യുവതിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് സ്കൂട്ടിൽ കയറ്റി ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
എട്ടാം മാസമായ 32-ാം ആഴ്ചയായിരുന്നു യുവതിയുടെ ഗർഭകാലം. എന്നാൽ യാത്രാവേളയിൽ സ്കൂട്ടി ആശുപത്രി കവാടത്തിന് മുന്നിൽ എത്തിയ ഉടൻ തന്നെ യുവതി പ്രസവിക്കുകയായിരുന്നു.
ഈ സമയത്തും യുവതി സ്കൂട്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു. ആശുപത്രി കവാടത്തിന് മുന്നിൽ നടന്ന ഈ അപ്രതീക്ഷിത പ്രസവം കണ്ട
നഴ്സുമാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയും അമ്മയെയും നവജാത ശിശുവിനെയും അതിയായ ജാഗ്രതയോടെ പരിചരിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിൽ, ആശുപത്രിക്ക് മുന്നിൽ സ്കൂട്ടിയിലെത്തിയ യുവതിയെ നഴ്സുമാർ സുരക്ഷിതമായി താഴെയിറക്കാൻ സഹായിക്കുന്നതും, പൊക്കിൾക്കൊടി ബന്ധം വേർപെടുത്താത്ത നവജാത ശിശുവിന്റെ ശരീരോഷ്മാവ് നിലനിർത്താനായി ചേർത്തുപിടിച്ച് നിൽക്കുന്നതും വ്യക്തമാണ്.
തുടർന്ന് വിദഗ്ദ്ധമായി പൊക്കിൾക്കൊടി മുറിച്ചു മാറ്റിയ ശേഷം അമ്മയെയും കുഞ്ഞിനെയും തുടർചികിത്സയ്ക്കായി ആശുപത്രിയിലെ ലേബർ റൂമിലേക്ക് മാറ്റുകയായിരുന്നു. ഏകദേശം രണ്ട് കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞാണ് പിറന്നത്.
അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയും സുരക്ഷിതമായും കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർ കാണിച്ച അതിവേഗ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കാരണമായതെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

