മൂന്നാർ തോട്ടം മേഖലയെ നടുക്കിയ കൊലപാതകം നടന്നിട്ട് 15 വർഷം പിന്നിടുന്നു. കല്ലാർ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ തൊഴിലാളി ലയത്തിൽ താമസിച്ചിരുന്ന ഗീതയുടെ ദാരുണമായ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ജഗന്നാഥനെ ഇതുവരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
2011 മാർച്ച് 19 നാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന ജഗന്നാഥനും ഭാര്യ ഗീതയും (29) മാത്രമായിരുന്നു ഈ ലയത്തിൽ താമസിച്ചിരുന്നത്.
ഇവരുടെ രണ്ട് പെൺമക്കൾ തമിഴ്നാട്ടിലായിരുന്നു പഠനം നടത്തിയിരുന്നത്. സംഭവദിവസം ഉച്ചയായിട്ടും ഇവരെ ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾക്ക് സംശയം തോന്നി.
തുറന്നുകിടന്ന ലയത്തിന്റെ വാതിലിലൂടെ അകത്തു നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഭിത്തിയിലേക്ക് ചാരി മരിച്ച നിലയിൽ ഗീതയെ കണ്ടെത്തിയത്. കഴുത്തിൽ മുറുക്കിയിരുന്ന കേബിളിന്റെ ഒരറ്റം വീടിന്റെ മേൽക്കൂരയിൽ കെട്ടിയിട്ട
നിലയിലായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരണമെന്ന് വരുത്തിതീർക്കാൻ പ്രതി കേബിൾ മുകളിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഈ കണ്ടെത്തൽ ശരിവെച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് ജഗന്നാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം നിലച്ച മട്ടിലാണ്.
തമിഴ്നാട് ശങ്കരൻ കോവിൽ മലയടിക്കുരിശ് സ്വദേശിയാണ് ജഗന്നാഥൻ. മൂന്നാർ സ്വദേശിയായ ഗീതയെ വിവാഹം കഴിച്ച ശേഷമാണ് ഇയാൾ ഇവിടെയെത്തി താമസമാക്കിയത്.
ജഗന്നാഥന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗീതയും ഇയാളും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജഗന്നാഥന് സ്വന്തം നാടായ ശങ്കരൻ കോവിലിന് സമീപമുള്ള ദേവി പട്ടണം, മൂന്നാർ കോളനി എന്നിവിടങ്ങളിലെ ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് പലതവണ ചോദ്യം ചെയ്യുകയും ഇവരുടെ വീടുകൾ ആഴ്ചകളോളം നിരീക്ഷിക്കുകയും ചെയ്തെങ്കിലും കേസിൽ നിർണായകമായ ഒരു തുമ്പും ലഭിച്ചില്ല. കൊലപാതകത്തിന് ശേഷം പലതവണ അന്വേഷണ സംഘങ്ങൾ മാറിവന്നെങ്കിലും ജഗന്നാഥനെ മാത്രം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

