ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പ്രവേശന വഴിയിലുള്ള അശാസ്ത്രീയതയും സുരക്ഷാവീഴ്ചയും കാരണം പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നു. അടുത്തിടെ ഇവിടെയുണ്ടായ വാഹനാപകടത്തിൽ കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കേതിൽ ആർ.
അഞ്ജിത്ത് (24) ജീവൻ നഷ്ടപ്പെട്ടതോടെയാണ് വിഷയം വീണ്ടും ഗൗരവ ചർച്ചയാകുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വടക്കുനിന്നും എത്തുന്ന ബസുകൾ തെക്കുഭാഗത്തെ വഴിയിലൂടെ സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും, യാത്രക്കാരെ കയറ്റിയ ശേഷം പ്രധാന കവാടം വഴി മാത്രം പുറത്തേക്ക് പോകാനും അധികൃതർ ക്രമീകരണം ഏർപ്പെടുത്തിയത്. എന്നാൽ കായംകുളം, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകുന്ന ഭൂരിഭാഗം ബസുകളും ഈ പ്രവേശന വഴിയിലൂടെ തന്നെ റോഡിലേക്ക് എതിർദിശയിൽ ഇറങ്ങുന്നത് പതിവാണ്.
ഈ നിയമലംഘനമാണ് യുവാവിന്റെ ജീവനെടുത്തതെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ശക്തമാണ്. ഇതുവഴി പ്രവേശനം മാത്രമാണെന്നോ പുറത്തേക്ക് പോകരുതെന്നോ വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.
സുരക്ഷാ ജീവനക്കാരുടെ അഭാവവും മുന്നറിയിപ്പ് സംവിധാനങ്ങളുടെ കുറവും കാരണം അപകടസാധ്യത ഇരട്ടിക്കുകയാണ്. സ്റ്റാൻഡിൽ നിന്ന് അപ്രതീക്ഷിതമായി ബസുകൾ പ്രധാന റോഡിലേക്ക് കയറി വരുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്.
അപകടത്തിന്റെ പശ്ചാത്തലം ഞായറാഴ്ച വൈകിട്ട് വലിയകുളങ്ങരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി നങ്ങ്യാർകുളങ്ങര വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആർ. അഞ്ജിത്ത് സഞ്ചരിച്ച ബൈക്കും സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.
പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ട്രെയ്നിയാണ് മരിച്ച അഞ്ജിത്ത്. രാജേന്ദ്രൻ – മായ ദമ്പതികളുടെ മകനാണ്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 11ന് നടക്കും. സഹോദരി: അഞ്ജിത.
സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് ഇവിടെവച്ച് സ്കൂട്ടർ യാത്രികരായ യുവതികൾക്കും കെഎസ്ആർടിസി ബസ് ഇടിച്ച് പരുക്കേറ്റിരുന്നു.
ജീവനക്കാരുടെ കുറവുണ്ടെന്നും സ്ഥലപരിചയമില്ലാത്ത മറ്റ് ഡിപ്പോകളിലെ ഡ്രൈവർമാരാണ് വഴി തെറ്റിച്ചു പോകുന്നതെന്നുമാണ് സ്റ്റേഷൻ അധികൃതർ നൽകുന്ന സ്ഥിരം ന്യായീകരണം. എന്നാൽ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞ ശേഷം നിയന്ത്രണം കർശനമാക്കി എന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, ഹരിപ്പാട് ഡിപ്പോയിലെ ബസുകൾ നിയമം ലംഘിച്ച് ഇതേ വഴിയിലൂടെ റോഡിലേക്ക് ഇറങ്ങുന്നതായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
വലിയൊരു ദുരന്തമുണ്ടായിട്ടും കെഎസ്ആർടിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം ഗുരുതരമായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇവിടെ അടിയന്തരമായി സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.
പ്രവേശന വഴിയിലൂടെ ബസുകൾ പുറത്തേക്ക് പോകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

