ദില്ലി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട
കപ്പൽ തലകീഴായി മറിഞ്ഞ് സമുദ്രത്തിൽ മുങ്ങുകയായിരുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ ആകെ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരുടെയും ആരോഗ്യനില സുരക്ഷിതമാണെന്നും ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നു. കപ്പലിന് നേരെ ഉണ്ടായ പ്രകോപനമില്ലാത്ത ആക്രമണത്തെ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാളും വിദേശകാര്യ മന്ത്രാലയവും ശക്തമായ ഭാഷയിൽ അപലപിച്ചു.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പൽ ജീവനക്കാരുടെയും പൂർണ്ണ സുരക്ഷ ഉറപ്പാക്കാനും, രക്ഷപ്പെട്ടവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും എത്തിക്കാനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെങ്കടലിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതത്തിന് നേരെ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് സമുദ്രപാതയിൽ സുരക്ഷിതമായ ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
റിയാദിലെ ഇന്ത്യൻ എംബസി നിലവിലെ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും യെമൻ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കപ്പൽ ജീവനക്കാരെ വേഗത്തിൽ തന്നെ രക്ഷപ്പെടുത്താൻ തയ്യാറായ യെമൻ ഭരണകൂടത്തിനും കോസ്റ്റ് ഗാർഡിനും ഇന്ത്യ നന്ദി അറിയിച്ചു.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ചൊവ്വാഴ്ച ഹൊർമുസ് കടലിടുക്കിന് സമീപം മറ്റൊരു ലൈബീരിയൻ ചരക്കുകപ്പലിന് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. സമുദ്രപാതകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര നാവിക സഞ്ചാരത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

