ഔദ്യോഗിക സംവിധാനങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ ഇറാനിൽ നിന്നും പാക്കിസ്ഥാനിലേക്ക് ദിവസേന ഏകദേശം 60 ലക്ഷത്തോളം ലീറ്റർ പെട്രോൾ കള്ളക്കടത്തായി എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. മോട്ടോർബൈക്കുകൾ ഉപയോഗിച്ചാണ് ഈ അനധികൃത ഇന്ധനനീക്കം പ്രധാനമായും നടപ്പിലാക്കുന്നത്.
ബലൂചിസ്ഥാൻ പ്രവിശ്യയാണ് ഈ കടത്തുപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമെങ്കിലും, സിന്ധ്, കറാച്ചി, പാക്ക് പഞ്ചാബ് തുടങ്ങിയ പ്രവിശ്യകളിലേക്കും ഈ പെട്രോൾ വ്യാപകമായി എത്തുന്നുണ്ട്. ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടയുകയും ക്രൂഡോയിൽ വിതരണം തടസ്സപ്പെടുകയും ചെയ്തപ്പോൾ പാക്കിസ്ഥാൻ രൂക്ഷമായ ഇന്ധനക്ഷാമം നേരിട്ടിരുന്നു.
എന്നാൽ ബലൂചിസ്ഥാൻ, സിന്ധ്, പഞ്ചാബ്, കറാച്ചി മേഖലകളെ വലിയ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചത് ഈ കള്ളക്കടത്ത് പെട്രോളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരവധി അയൽരാജ്യങ്ങൾ ഇന്ധനവിതരണം കർശനമായി റേഷനാക്കി മാറ്റിയപ്പോഴും പാക്കിസ്ഥാന് അത്തരം അടിയന്തര നടപടികളിലേക്ക് നീങ്ങേണ്ടി വന്നില്ല.
ഇതിന് പ്രധാന കാരണം ഈ അനധികൃത ഇന്ധനലഭ്യതയാണെന്ന് വ്യക്തമാക്കുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഏകദേശം 1.5 കോടിയാണ് ജനസംഖ്യ.
ഇതിൽ 24 ലക്ഷത്തോളം പേർ പെട്രോൾ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണെന്നാണ് കണക്കുകൾ. ചില വ്യക്തികൾ ഏകദേശം 300 കിലോമീറ്ററോളം ദൂരം ബൈക്ക് ഓടിച്ചാണ് ഈ കള്ളക്കടത്തിൽ ഏർപ്പെടുന്നത്.
ദിവസക്കൂലിയായി 3000 മുതൽ 5000 പാക്കിസ്ഥാനി രൂപ വരെ ഇവർക്ക് ലഭിക്കുന്നുണ്ട്. 70 ലീറ്റർ കൊള്ളുന്ന അഞ്ച് ക്യാനുകൾ വരെ മോട്ടോർബൈക്കുകളിൽ കെട്ടിവച്ചാണ് ഇത്തരത്തിലുള്ള സാഹസിക യാത്രകൾ.
ഇന്ധന കള്ളക്കടത്ത് കർശനമായി തടയുമെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രസ്താവിക്കാറുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമാകുന്നില്ല. ബലൂചിസ്ഥാനിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രധാന ജീവനോപാധിയായി ഈ തൊഴിൽ മാറി എന്നതാണ് ഇതിന് കാരണം.
അവിടത്തെ സമ്പദ്വ്യവസ്ഥയ്ക്കും ഇത് നിർണ്ണായകമാണ്. ഈ അനധികൃത വ്യാപാരം പെട്ടെന്ന് അവസാനിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് സർക്കാർ നിലപാട്.
കൂടാതെ, കള്ളക്കടത്തുകാരിൽ നിന്ന് വൻതോതിൽ കൈക്കൂലി ഇനത്തിൽ പാക്ക് സൈന്യത്തിനും ഉദ്യോഗസ്ഥർക്കും പണം ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, അടുത്തിടെ ബലൂചിസ്ഥാനിലുണ്ടായ ഒരു ഇന്ധന ടാങ്കർ സ്ഫോടനം ഈ കള്ളക്കടത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്.
സ്ഫോടനത്തിന് ശേഷം കള്ളക്കടത്ത് 60% വരെ കുറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇറാനിൽ നിന്ന് വരികയായിരുന്ന 6 ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്.
പെട്രോളിന് പുറമേ ഭക്ഷ്യഎണ്ണ, ഭക്ഷ്യോൽപന്നങ്ങൾ, വാഷിങ് പൗഡർ, സോപ്പ് തുടങ്ങിയ അവശ്യവസ്തുക്കളും ഇറാനിൽ നിന്ന് ഇത്തരത്തിൽ പാക്കിസ്ഥാനിലേക്ക് എത്തുന്നുണ്ട്. യുദ്ധസാഹചര്യത്തിൽ രാജ്യത്ത് ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കൾക്കും ഉണ്ടാകാനിടയുള്ള രൂക്ഷമായ പട്ടിണിയും ക്ഷാമവും ഒഴിവാക്കാൻ സർക്കാർ ഈ കള്ളക്കടവുകൾ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയാണെന്ന വിമർശനവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

