പാലക്കാടിന്റെ ദീർഘകാലത്തെ വികസന സ്വപ്നങ്ങൾക്ക് വിരാമമിട്ട് കഞ്ചിക്കോട്ടെ നിർദിഷ്ട റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു.
രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലൂടെയാണ് പതിനെട്ടു വർഷം പഴക്കമുള്ള പദ്ധതിയാണ് ഇല്ലാതായത്. പദ്ധതി ഉപേക്ഷിച്ചെങ്കിലും, ഇതിനായി കേരള സർക്കാർ ഏറ്റെടുത്ത് നൽകിയ 236 ഏക്കർ ഭൂമി ഫലപ്രദമായി വിനിയോഗിക്കണമെന്ന ശക്തമായ ആവശ്യം ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
ഈ സ്ഥലം സംസ്ഥാനത്തിന് തിരികെ നൽകുകയോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ മറ്റ് പ്രയോജനപ്രദമായ പദ്ധതികൾക്കായി ഉപയോഗിക്കുകയോ വേണമെന്നാണ് പ്രധാന ആവശ്യം. പ്രതിവർഷം 600 കോച്ചുകൾ നിർമിക്കാൻ ശേഷിയുള്ള വലിയൊരു പദ്ധതിയായിരുന്നു 2009 വർഷത്തെ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടത്.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ കേരളത്തിന് നൽകിയ നഷ്ടപരിഹാര വാഗ്ദാനമായിരുന്നു ഈ കോച്ച് ഫാക്ടറി. ഫാക്ടറി സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ 236 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകുകയും, തുടർന്ന് 2012 ഫെബ്രുവരി 21-ന് കോട്ടമൈതാനത്ത് നടന്ന ചടങ്ങിൽ അന്നത്തെ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി ഇതിന് തറക്കല്ലിടുകയും ചെയ്തിരുന്നു.
റെയിൽവേ ഈ സ്ഥലം മതിൽകെട്ടി തിരിച്ചെങ്കിലും നിലവിൽ ഇവിടം കാടുകയറി നശിച്ച നിലയിലാണ്. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും ഈ പ്രദേശം താവളമാക്കിയിരിക്കുകയാണ്.
പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് മുൻപും വിവിധ അവസരങ്ങളിൽ കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. എങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ‘പ്രഗതി’ വിവിധോദ്ദേശ്യ സംവിധാനത്തിൽ കോച്ച് ഫാക്ടറി പദ്ധതി ഉൾപ്പെടുത്തിയത് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നൽകിയിരുന്നു.
എന്നാൽ ഇനി കോച്ച് ഫാക്ടറി യാഥാർത്ഥ്യമാകില്ലെന്ന നിലപാടാണ് ഇപ്പോൾ റെയിൽവേ മന്ത്രി അറിയിച്ചിരിക്കുന്നത്. കേരളത്തിനായി അനുവദിക്കപ്പെട്ട
എയിംസ് പദ്ധതിക്കായി ഈ കോച്ച് ഫാക്ടറി ഭൂമി പരിഗണിക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്ഥലം ഏറ്റെടുക്കലിന്റെ അധിക ബാധ്യത ഒഴിവാക്കാം എന്നതാണ് ഈ ഭൂമിയുടെ പ്രധാന പ്രത്യേകതയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
കോച്ച് ഫാക്ടറിക്കായി കേരളം ഏറ്റെടുത്ത് നൽകിയ ഭൂമി തിരികെ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇതിനോടകം രംഗത്തു വന്നിരുന്നു. സ്ഥലം ഏറ്റെടുക്കാൻ റെയിൽവേ കൈമാറിയ തുക തിരികെ നൽകാമെന്നും ഭൂമി തിരികെ വേണമെന്നും 2022-ൽ സംസ്ഥാനം ആവശ്യപ്പെടുകയുണ്ടായി.
കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികൾ വരുന്ന പശ്ചാത്തലത്തിൽ റെയിൽവേയുമായി സഹകരിച്ച് മറ്റ് വികസന പദ്ധതികൾ നടപ്പാക്കാൻ കേരളത്തിന് താൽപ്പര്യമുണ്ട്. ലോജിസ്റ്റിക് ഹബ് ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയാണിത്.
എന്നാൽ ഭൂമി തിരികെ കൈമാറുന്ന കാര്യത്തിൽ അനുകൂലമായ നിലപാടല്ല കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ളത്. സിൽവർ ലൈൻ, വേഗറെയിൽ പദ്ധതികളും നടപ്പിലാക്കില്ല ന്യൂഡൽഹിയിൽ വെച്ചുള്ള ഔദ്യോഗിക അറിയിപ്പ് പ്രകാരം സിൽവർ ലൈൻ പദ്ധതിയും ഇ.ശ്രീധരൻ നിർദ്ദേശിച്ച വേഗറെയിൽ പദ്ധതിയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല.
സിൽവർ ലൈൻ പദ്ധതി ആവശ്യമില്ലെന്നും, വേഗറെയിൽ പദ്ധതി ഇ.ശ്രീധരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മംഗളൂരുവിനും നാഗർകോവിലിനും ഇടയിലുള്ള മൂന്നും നാലും പാതകൾക്കായുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കിവരുന്നുണ്ട്. എന്നാൽ ഈ പാതകൾ എന്ന് യാഥാർത്ഥ്യമാകുമെന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി വ്യക്തമാക്കിയ മന്ത്രി, കഞ്ചിക്കോട്ട് ഏറ്റെടുത്ത 236 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

