2027 മാർച്ച് 18-ന് മൊറോക്കോ തലസ്ഥാനമായ റബാറ്റിൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കടുത്ത ഭരണമാറ്റത്തിന് വഴിതുറന്നേക്കുമെന്ന് സൂചന. നിലവിലെ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ നാലാം ഊഴത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് ആഗോള ഫുട്ബോൾ തലപ്പത്തുനിന്നുണ്ടാകുന്ന പുതിയ നീക്കങ്ങൾ.
ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യപരമായ അവകാശങ്ങൾ വെട്ടിച്ചുരുക്കി സ്വകാര്യ ഏജൻസിക്ക് കൈമാറാനുള്ള ഫിഫയുടെ വിവാദ തീരുമാനമാണ് എതിർപ്പുകൾ രൂക്ഷമാക്കിയത്. ഇൻഫാന്റിനോയുടെ ഏകാധിപത്യപരമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇംഗ്ലണ്ട്, വെയിൽസ്, സെർബിയ തുടങ്ങിയ പ്രമുഖ ഫുട്ബോൾ അസോസിയേഷനുകൾ അദ്ദേഹത്തിനുള്ള പിന്തുണ പരസ്യമായി പിൻവലിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥിത്വത്തിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ നവംബർ 18-ന് മുൻപായി ശക്തനായ ഒരു പൊതുസ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് പ്രതിപക്ഷ കൂട്ടായ്മയുടെ നീക്കം. അധ്യക്ഷ കസേരയിലേക്ക് ഇൻഫാന്റിനോയ്ക്ക് എതിരെ ഉയർന്നു കേൾക്കുന്ന പ്രധാന പേര് കോൺകാകാഫ് പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായ കനേഡിയൻ വ്യവസായി വിക്ടർ മോണ്ടഗ്ലിയാനിയുടേതാണ്.
വടക്കേ-മധ്യ അമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ പിന്തുണ കൂടി ലഭിച്ചാൽ അദ്ദേഹത്തിന് മുൻതൂക്കം ലഭിച്ചേക്കാം. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫിഫ ഭരണസമിതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു എന്നത് ഇദ്ദേഹത്തിന് പ്രതിപക്ഷ മുദ്രാവാക്യങ്ങളുടെ മൂർച്ച കുറച്ചേക്കാമെന്ന ആശങ്കയുണ്ട്.
2016-ലെ തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അധ്യക്ഷൻ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് രണ്ടാമത്തെ പ്രമുഖൻ.
ഏഷ്യയിലും ആഫ്രിക്കയിലും ശക്തമായ സ്വാധീനമുള്ള ഇദ്ദേഹത്തിന്, 2011-ൽ ബഹ്റൈനിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണ് തിരിച്ചടിയാകാൻ സാധ്യതയുള്ളത്. യുവേഫ തലവൻ അലക്സാണ്ടർ സെഫെറിൻ നേരിട്ട് മത്സരരംഗത്തിറങ്ങുന്നതിന് പകരം മോണ്ടഗ്ലിയാനിയെപ്പോലൊരു പൊതുസമ്മതനായ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് ആലോചിക്കുന്നത്.
കടുത്ത ഭരണപരിഷ്കർത്താവായി അറിയപ്പെടുന്ന നോർവീജിയൻ അസോസിയേഷൻ അധ്യക്ഷ ലിസ ക്ലാവ്നെസ്, ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തലവൻ പട്രീസ് മോട്സെപെ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. എങ്കിലും, വോട്ട് ബാങ്കിന്റെ കുറവ് ലിസയ്ക്കും, ഇൻഫാന്റിനോയോടുള്ള അനുകൂല നിലപാട് മോട്സെപെക്കും തടസ്സമാണ്.
അതേസമയം, 211 അംഗരാജ്യങ്ങൾക്കും തുല്യ വോട്ടവകാശമുള്ള ഫിഫയിൽ ചെറുകിട രാജ്യങ്ങൾക്ക് വികസന ഫണ്ടുകളും ഗ്രാൻഡ് ആനുകൂല്യങ്ങളും നൽകി സ്വന്തം പക്ഷത്ത് നിർത്താനുള്ള ഇൻഫാന്റിനോയുടെ കഴിവ് നിസ്സാരമല്ല.
എങ്കിലും നവംബർ 18-ന് മുൻപ് പ്രതിപക്ഷം ഒരു പൊതുസ്ഥാനാർത്ഥിയെ നിർത്തിയാൽ ഇൻഫാന്റിനോയുടെ ഭരണത്തിന് അന്ത്യമാകുമെന്നാണ് ആഗോള കായിക ലോകത്തിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

