തമിഴ്നാട്ടിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ, നടി തൃഷക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കനത്ത നിയമനടപടികൾ നേരിടുന്നു. വിഷയത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി തഞ്ചാവൂരിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ഉദയനിധിയുടെ വസതിക്ക് മുന്നിൽ എത്തിച്ചേർന്നു.
പൊലീസ് സംഘം എത്തിയതോടെ വസതിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ശക്തമായ ഉന്തും തള്ളുമുണ്ടായി. സ്ഥിതിഗതികൾ ശാന്തമാക്കാൻ മുൻ മന്ത്രിമാരായ കെ എൻ നെഹ്റു, മാ സുബ്രമണ്യൻ എന്നിവരും ഉദയനിധിയുടെ ഭാര്യയും സംവിധായികയുമായ കൃതികയും പൊലീസുമായി ചർച്ചകൾ നടത്തിവരികയാണ്.
അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോകാനോ ഉള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
അറസ്റ്റ് ഭീതി നിലനിൽക്കെ, മുൻകൂർ ജാമ്യം തേടി ഉദയനിധി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ തടയണമെന്ന് അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിയമസഭയിലേക്ക് എത്താതിരിക്കാൻ ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നതെന്നാണ് ഡിഎംകെയുടെ വാദം. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം, ഈ പരാമർശത്തിനെതിരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ടിവികെ പരാതി നൽകിയിട്ടുണ്ട്. തഞ്ചാവൂർ പൊലീസ് ഈ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ ഇത്തരം മോശം പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സിപിഎം നേതാവ് പി ഷണ്മുഖം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

