റഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗെലെൻഡ്ഷിക് ബീച്ചിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. സംഭവത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.
ജനനിബിഡമായ ബീച്ച് മേഖലയിലേക്ക് ഡ്രോൺ പതിക്കുന്നതിന്റെയും തുടർന്ന് വൻ സ്ഫോടനം ഉണ്ടാവുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ശക്തമായി അപലധിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ രംഗത്തെത്തി.
ജനവാസ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ മനഃപൂർവം നടത്തിയ ഭീകരാക്രമണമാണിതെന്ന് അവർ ആരോപിച്ചു. എന്നാൽ ഈ സംഭവത്തിൽ യുക്രെയ്ൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുദ്ധത്തിൽ സാധാരണക്കാരെ ലക്ഷ്യം വെയ്ക്കാറില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കാറുള്ളത്. പരുക്കേറ്റവരിൽ 21 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൈനിക താവളങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ ജനങ്ങൾക്ക് നേരെ യുക്രെയ്ൻ ഭരണകൂടം ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമാണിതെന്ന് ക്രാസ്നോദർ റീജിയൻ ഗവർണർ വെന്യാമിൻ കൊണ്ട്രാറ്റിയേവ് വ്യക്തമാക്കി. 2022-ൽ റഷ്യ ആരംഭിച്ച പൂർണതോതിലുള്ള അധിനിവേശത്തിന് ശേഷം ലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്.
അതേസമയം, സമീപകാലത്തായി റഷ്യയിലെ എണ്ണശുദ്ധീകരണശാലകളും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തുന്ന ദീർഘദൂര ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

