സ്വന്തം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ പരസ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാണോ എന്ന് വെല്ലുവിളിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്ത്. താൻ പഠിച്ചതിന്റെയും വിദ്യാഭ്യാസ വായ്പയെടുത്തതിന്റെയും രേഖകൾ ജനസമക്ഷം വെക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി സിജെപിയുടെ രണ്ടു ദിവസത്തെ ഉന്നതതല നേതൃയോഗം ചേരാനിരിക്കെയാണ് ഈ പ്രതികരണം. സൂറത്തിൽ നിന്നുള്ള ഒരു വിവരാവകാശ പ്രവർത്തകൻ അഭിജീത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ച് പരാതി നൽകിയിരുന്നു.
അഭിജീത്തിന്റെ പിതാവ് സർക്കാർ ഉദ്യോഗസ്ഥനാണെന്നും വിദേശത്ത് മകനെ പഠിപ്പിക്കാൻ മാത്രം സാമ്പത്തിക ശേഷിയില്ലെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് തനിക്ക് ലഭിച്ച സ്കോളർഷിപ്പിന്റെ തെളിവുകൾ അഭിജീത് തന്നെ പിന്നീട് പുറത്തുവിട്ടു.
ബാക്കി വന്ന തുകയ്ക്കായി വിദ്യാഭ്യാസ വായ്പയാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബോസ്റ്റണിൽ പഠനം തുടരുന്നതിനിടയിലാണ് അഭിജീത് സിജെപി രൂപീകരിക്കുന്നതും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതും.
വ്യക്തികളുടെ സാമ്പത്തിക വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലേ എന്ന് അഭിജീത് ചോദിച്ചു. തന്റെ വിദ്യാഭ്യാസ രേഖകൾ പുറത്തുവിടാൻ തനിക്കുള്ള ധൈര്യം പ്രധാനമന്ത്രിക്കുണ്ടോയെന്നും അദ്ദേഹം പരസ്യമായി ചോദിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന ഈ കാലഘട്ടത്തിൽ താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അഭിജീത് ആവർത്തിച്ചുറപ്പിച്ചു. ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് സിജെപിയെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്നതെന്ന് ആർഎസ്എസിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആരോഗ്യനില പൂർണ്ണമായും മെച്ചപ്പെട്ടാൽ ജാർഖണ്ഡിൽ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾക്കൊപ്പം സമരമുഖത്ത് ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സിജെപിയുടെ നേതൃയോഗം നടക്കുന്നത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ഈ യോഗത്തിൽ രാജ്യവ്യാപകമായി യുവാക്കളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യുമെന്ന് പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

