തൃശൂർ നഗരത്തിലെ കുറുപ്പം റോഡിൽ നടപ്പാതയുടെയും കാനയുടെയും നിർമാണവുമായി ബന്ധപ്പെട്ട് വ്യാപക ആശങ്ക. സ്വരാജ് റൗണ്ട് മുതൽ കൂർക്കഞ്ചേരി വരെയുള്ള ഭാഗത്ത് കച്ചവട
സ്ഥാപനങ്ങൾക്ക് മുന്നിൽ രണ്ടടി ഉയരത്തിൽ കോൺക്രീറ്റ് കട്ടകൾ നിർമിക്കുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ശാസ്ത്രീയമായ രീതിയിലല്ല പണികൾ നടക്കുന്നതെന്നും ശക്തമായ മഴയുണ്ടായാൽ വെള്ളം ഒഴുകിപ്പോകാൻ തടസ്സമുണ്ടാകുമെന്നുമാണ് നാട്ടുകാരുടെയും സ്ഥാപന ഉടമകളുടെയും പ്രധാന പരാതി.
സ്വരാജ് റൗണ്ടിൽ നിന്നുൾപ്പെടെയുള്ള മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ റോഡിലൂടെയാണ്. എന്നാൽ നിലവിലുള്ള കാന പുനർനിർമിക്കാതെയാണ് രണ്ടടിയോളം ഉയരത്തിൽ കോൺക്രീറ്റ് കട്ടകൾ സ്ഥാപിക്കുന്നത്.
പഴയ കാനയിലൂടെ തന്നെ വെള്ളം ഒഴുകിപ്പോകുമെന്നാണ് എൻജിനീയർമാരുടെ വിശദീകരണം. കൂർക്കഞ്ചേരി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും നടപ്പാത നിർമിക്കുന്നതിനായി 2 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി ആദ്യത്തെ 300 മീറ്ററിലെ പണികൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. റോഡിനേക്കാൾ 6 ഇഞ്ച് ഉയരം വർധിപ്പിച്ചാണ് കോൺക്രീറ്റ് കട്ടകൾ നിർമിച്ചിരിക്കുന്നത്.
ഇതിന് താഴെയാണ് നിലവിലുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാന സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിലുള്ള കാനകൾ നിർമിച്ചിട്ടില്ല.
പണി പൂർത്തിയായ ഭാഗങ്ങളിലെ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ റോഡിനേക്കാൾ താഴ്ചയിലാണ് നിലകൊള്ളുന്നത്. രണ്ട് വർഷം മുൻപാണ് ഇവിടെ കോൺക്രീറ്റ് റോഡ് നിർമിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാൻ കാനയും ഒപ്പം നടപ്പാതയും വേണമെന്നായിരുന്നു ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വെള്ളം ഒഴുകാനുള്ള കാനയല്ല, നടപ്പാതയാണ് നിർമിക്കുന്നതെന്നാണ് കരാറുകാരുടെ നിലപാട്.
നടപ്പാതയുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ കോൺക്രീറ്റ് കട്ടകൾ നിർമ്മിച്ച് റോഡരികിൽ തള്ളുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ വെള്ളക്കെട്ടുണ്ടായാൽ സ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം ചെറുതായിരിക്കില്ലെന്ന് ചെട്ടിയങ്ങാടിയിലെ ഉടമകൾ വ്യക്തമാക്കുന്നു.
ചെറുതും വലുതുമായ അഞ്ഞൂറോളം സ്ഥാപനങ്ങളാണ് കുറുപ്പം റോഡിന്റെ ഇരുവശങ്ങളിലുമുള്ളത്. റോഡിനേക്കാൾ ഉയരത്തിൽ കോൺക്രീറ്റ് കട്ടകൾ വന്നതോടെ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കി നിർത്താൻ കഴിയാത്ത അവസ്ഥയാണ്.
ഇത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വാഹനങ്ങൾ നിർത്താനാകാതെ വന്നതോടെ സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടാണെന്നും വ്യാപാരികൾ പറയുന്നു. കുറുപ്പം റോഡിൽ വെള്ളം ഒഴുകിപ്പോകാൻ യാതൊരുവിധ പ്രയാസവുമമുണ്ടാകില്ലെന്ന് ഡപ്യൂട്ടി മേയർ എ.പ്രസാദ് വ്യക്തമാക്കി.
കോൺക്രീറ്റ് റോഡിനേക്കാൾ ചെറിയൊരു ഉയര വ്യത്യാസം മാത്രമാണ് നടപ്പാതയ്ക്കുണ്ടാകുന്നത്. ഓരോ 15 മീറ്ററിലും ഇരുമ്പിന്റെ ഗ്രില്ലുകൾ സ്ഥാപിക്കുന്നുണ്ട്.
അതിനാൽ വെള്ളം കയറുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നടപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് കൗൺസിലർ പൂർണിമ സുരേഷ് പ്രതികരിച്ചു.
ഇക്കാര്യം കോർപറേഷൻ അധികൃതരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ നടക്കുന്ന നിർമാണത്തിൽ തൃപ്തിയില്ലെന്നും ആശയക്കുഴപ്പമുണ്ടെന്നും അവർ വ്യക്തമാക്കി.
ആദ്യത്തെ 300 മീറ്റർ പണി പൂർത്തിയായാൽ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. കുറുപ്പം റോഡിലെ കച്ചവടക്കാരനായ പി.വി.സദാശിവൻ അടക്കമുള്ളവരാണ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

